സംസ്ഥാനത്ത് മയക്കുമരുന്ന് വില്‍പനയില്‍ വര്‍ധന
മുക്കം: സംസ്ഥാനത്ത് മയക്കു മരുന്നുകളുടെ വില്‍പന വര്‍ധിക്കുന്നതായി പൊലിസ് കണക്കുകള്‍. വിദ്യാര്‍ഥികളും യുവാക്കളുമാണ് മയക്കുമരുന്നു വില്‍പനയുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരില്‍ അധികവും.
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 15 വരെ കേരള പൊലിസിന്റെ ആന്റി നാര്‍കോട്ടിക് ആക്ഷന്‍ ഫോഴ്‌സ് നടത്തിയ പരിശോധനകളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 110.3 കിലോ കിലോഗ്രാം കഞ്ചാവും രണ്ട് കിലോഗ്രാം ഹാഷിഷും കുത്തിവയ്ക്കുന്ന തരത്തിലുള്ള ഒന്‍പത് ആംപ്യൂള്‍ മയക്കുമരുന്നുകളും പിടികൂടിയിട്ടുണ്ട്.
ഇക്കാലയളവില്‍ 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത്. 17.90 കിലോഗ്രം. തൊട്ടുപിന്നില്‍ 14.83 കിലോഗ്രാമായി മലപ്പുറമാണ്, തിരുവനന്തപുരത്ത് നിന്ന് 11.25 കി.ഗ്രാം, കൊല്ലം സിറ്റി - 231 ഗ്രാം, പത്തനംതിട്ട - 1.61 കി.ഗ്രാം, എറണാകുളം - 4.71 കി.ഗ്രാം, ആലപ്പുഴ-3.30 കി.ഗ്രാം, ഇടുക്കി- 3.56 കി.ഗ്രാം, കോട്ടയം- 8.01, തൃശൂര്‍- 12.10 കി.ഗ്രാം, പാലക്കാട്- 5.06 കി.ഗ്രാം, കണ്ണൂര്‍- 7.09 കി.ഗ്രാം, കോഴിക്കോട് സിറ്റി- 18.0 കി.ഗ്രാം, വയനാട്- 500 ഗ്രാം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 2016 ല്‍ സംസ്ഥാന പൊലിസ് 5924 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
എന്നാലിത് 2017 ല്‍ 9242 കേസുകളായി വര്‍ധിച്ചു. 2018 ല്‍ ഇനിയും വര്‍ധിക്കുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന.
എക്‌സൈസ് വകുപ്പും പൊലിസും പരിശോധന കര്‍ശനമാക്കിയതോടെ വന്‍തോതിലാണ് മയക്കുമരുന്നുകള്‍ ഇപ്പോള്‍ സംസ്ഥാനത്ത് പിടികൂടുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തുന്ന മയക്കുമരുന്നുകളുടെ ഒഴുക്ക് തടയാനുള്ള നടപടികളാണ് ഇപ്പോള്‍ പൊലിസ് സ്വീകരിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗത്തിനെതിരേ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാന്‍ 'ക്ലീന്‍ കാംപസ് സേഫ് കാംപസ്' അടക്കമുള്ള വിവിധ പരിപാടികളും കാംപൈനുകളും പൊലിസ് നടപ്പിലാക്കിവരുന്നുണ്ട്.
വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സഹകരണത്തോടെ ഇനിയും പരിശോധന ശക്തമാക്കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും കേരള ആന്റി നാര്‍കോട്ടിക് ആക്ഷന്‍ ഫോഴ്‌സ് (കാന്‍സാഫ്) ചുമതല വഹിക്കുന്ന ഐ.ജി പി. വിജയനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."