കാറിനുള്ളില്‍ തീപിടിച്ച് വ്യാപാരി മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ്
പാലാ : ഗൃഹനാഥന്‍ കാറിനുള്ളില്‍ തീപിടിച്ച് മരിച്ച സംഭവത്തില്‍ ആത്മഹത്യയെന്ന സൂചനയുമായി പോലീസ് അന്വേഷണം പുരോഗമിക്കുന്നു. പാലാ മുരിക്കുംപുഴ താഴത്തുപാണാട്ട് പി.ജി. സുരേഷാണ് (63) പാലാ-ഉഴവൂര്‍ റോഡില്‍ വലവൂരിനടുത്ത് ബുധനാഴ്ച ഉച്ചക്ക് 1.15ഓടെയാണ് കാറിന് തീപിടിച്ച് മരിച്ചത്.
സുരേഷിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇയ്യാളുടെ ഉടമസ്ഥതയില്‍ രാമപുരത്തുള്ള 60 സെന്റ് സ്ഥലം കൈമാറ്റം നടത്തിയതായി പോലീസ് പറയുന്നു. എന്നാല്‍ ഇതിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് അറിയാന്‍ സാധിച്ചിട്ടില്ല. വീട്ടിലുള്ളവരുമായി കൂടി ആലോചിക്കാതെയാണ് ഇടപാട് നടന്നതെന്ന് പറയപ്പെടുന്നു. വീട്ടുകാര്‍ ഇത് ചോദ്യംചെയ്തതോടെ കനത്ത മാനസിക പ്രശ്‌നത്തിലായിരുന്നു സുരേഷെന്ന് പറയുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കും.
ഇതിന് ശേഷമേ ആത്മഹത്യയാണോയെന്ന നിഗമനത്തിലെത്താന്‍ കഴിയൂ. പാലാ സി.ഐ രാജന്‍ കെ. അരമന, എസ്‌ഐ അഭിലാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം ആത്മഹൂതിയിലേക്ക് ചൂണ്ടുന്നതാണ് തെളിവുകള്‍. റോഡരുകില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. തീ പടരുന്നത് കണ്ട് ആദ്യം സ്ഥലത്തെത്തിയ ഓട്ടോറിക്ഷക്കാരന്‍ സുരേഷിനെ രക്ഷപെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പുറത്തിറങ്ങാന്‍ സുരേഷ് തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസും ഫോറന്‍സിക് വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചിരുന്നു. പെട്രോളിന്റെ അംശം കണ്ടെത്തിയതായും സൂചനയുണ്ട്.
കാറിലിരുന്ന് സുരേഷ് ഫോണ്‍ വിളിച്ചെന്ന് പറയുന്ന ആളെ പോലീസ് കണ്ടെത്തി.
പ്രവിത്താനം സ്വദേശിക്ക് സോഫ്റ്റ് വെയര്‍ ചെയ്യുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കിയതാണ്. മൃതദേഹം ഇന്ന് വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് വീട്ടിലെത്തിക്കും. 11ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മരണവാര്‍ത്തയറിഞ്ഞ് തളര്‍ന്നുവീണ ഭാര്യ ഡോ. വാസന്തി ആശുപത്രിയില്‍ ചികിത്സയിലാണ്. പാലാ വെള്ളാപ്പാട് ഫാസ്റ്റ് സ്‌പെയ്‌സ് കമ്പ്യൂട്ടര്‍ സെന്ററും കുടക്കച്ചിറയില്‍ അക്ഷയ കേന്ദ്രവും നടത്തുകയായിരുന്നു സുരേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."