മൗസില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാനായി
ന്യൂഡല്‍ഹി: ഇറാക്കിലെ മൗസിലില്‍ കൊല്ലപ്പെട്ട 39 ഇന്ത്യക്കാരുടെ മൃതദേഹം രാജ്യത്ത് എത്തിക്കുന്നതിനായി വിദേശ കാര്യ സഹമന്ത്രി വി.കെ സിങ് നാളെ ഇറാക്കിലേക്ക് പോകും.
ഐ.എസ് പിടിയിലായ ഇന്ത്യക്കാരെ മൂന്നര വര്‍ഷം മുന്‍പ് കൊലപ്പെടുത്തിയിരുന്നെങ്കിലും അടുത്തിടെയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇവര്‍ കൊല്ലപ്പെട്ട വിവരം പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാനെന്ന നിലയില്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിങിനെ ഇറാക്കിലേക്ക് അയക്കുന്നത്.
ഇവര്‍ കൊല്ലപ്പെട്ട വിവരം പാര്‍ലമെന്റില്‍ അറിയിച്ച വിദേശകാര്യമന്ത്രി ഒരാഴ്ചക്കകം ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്നും പറഞ്ഞിരുന്നു. ബാഗ്ദാദിലെ ഇറാക്കി ഫോറന്‍സിക് സയന്‍സ് ഡിപ്പാര്‍ട്ടുമെന്റിന് കീഴിലുള്ള മെഡികോ ലീഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫ്രീസറിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചതെന്നാണ് ഇറാക്ക് സര്‍ക്കാര്‍ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചത്.
മരിച്ചവരില്‍ 38 പേരുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും. 39 ാമത്തെ മൃതദേഹത്തിന്റെ ഡി.എന്‍.എ സാമ്പിളില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഇത് ഉടന്‍ നാട്ടിലെത്തിക്കില്ല. മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ ഇറാക്ക് സര്‍ക്കാര്‍ തയാറായിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് കൈമാറ്റ നടപടികള്‍ക്കായി ഇരു രാജ്യങ്ങളും സമ്മത പത്രത്തില്‍ ഒപ്പിട്ടിട്ടുണ്ടെന്നും ഇറാക്ക് നിയമ മന്ത്രാലയം അറിയിച്ചു.
ഒരാഴ്ച മുന്‍പാണ് വിദേശ കാര്യമന്ത്രി ഇവരുടെ മരണം ഔദ്യോഗികമായി അറിയിച്ചത്. 2015 ലാണ് ഇവരെ ഐ.എസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ബദൂഷില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ സര്‍ക്കാരിനെ സമീപിച്ച് ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മൗസിലില്‍ 40 ഇന്ത്യക്കാരെയാണ് ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയിരുന്നു.
ബംഗ്ലാദേശി മുസ്്‌ലിം എന്ന വ്യാജേനയാണ് ഇയാള്‍ രക്ഷപ്പെട്ടിരുന്നത്. ഇദ്ദേഹം നാട്ടിലെത്തി കൂടെയുണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തിയെങ്കിലും സത്യം അന്വേഷിക്കാതെ ഇയാളെ ജയിലിലടക്കുകയായിരുന്നു. വിദേശ കാര്യമന്ത്രിയുടെ പാര്‍ലമെന്റിലെ വെളിപ്പെടുത്തല്‍ വന്നതോടെ നിരപരാധിയെ ജയിലിലടച്ചത് എന്തിനായിരുന്നുവെന്ന ചോദ്യം ശക്തമായെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."