ഇനിമുതല്‍ യു.എസ് വിസയ്ക്ക് സമൂഹമാധ്യമ വിവരങ്ങളും നല്‍കണം
വാഷിങ്ടണ്‍: വിസാ അപേക്ഷയ്ക്കു കൂടുതല്‍ നിബന്ധനകള്‍ വച്ച് യു.എസ് അധികൃതര്‍. സമൂഹമാധ്യമത്തിലേത് അടക്കമുള്ള സ്വകാര്യവിവരങ്ങള്‍ സമര്‍പ്പിച്ചാലേ ഇനി യു.എസ് വിസ ലഭിക്കൂ. സമൂഹമാധ്യമങ്ങളിലെ മുഴുവന്‍ വിവരങ്ങളും വിസാ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണമെന്ന് യു.എസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതോടൊപ്പം മുന്‍പ് ഉപയോഗിച്ച ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസം എന്നിവയും ചേര്‍ക്കണം.
കഴിഞ്ഞദിവസം യു.എസ് ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോണ്‍-ഇമിഗ്രന്റ് വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് വിസ ലഭിക്കാന്‍ രേഖയില്‍ കൂടുതല്‍ കടമ്പകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഏഴു ലക്ഷത്തിലേറെ വരുന്ന കുടിയേറ്റക്കാരും 14 മില്യന്‍ വരുന്ന കുടിയേറ്റക്കാരല്ലാത്തവരും അടങ്ങുന്ന വിദേശികളെ ബാധിക്കുന്നതാണു പരിഷ്‌കരിച്ച വിസാനയം. വിസാ അപേക്ഷകര്‍ കുടുംബത്തില്‍ ആരെങ്കിലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള ചോദ്യാവലികള്‍ പൂരിപ്പിക്കുകയും വേണം.
രാജ്യത്തിനു ഭീഷണിയാകുന്നവരെ തടയാനായാണ് പുതിയ നിയമപരിഷ്‌കരണമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം. ഇതില്‍ പ്രതികരണം അറിയിക്കാന്‍ പൗരന്മാര്‍ക്ക് രണ്ടുമാസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."