ആദിവാസി വിദ്യാര്‍ഥികളെ പരീക്ഷ എഴുതിച്ചില്ലെന്ന്
പനമരം: നീര്‍വാരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ ചില ആദിവാസി കുട്ടികളെ അധ്യാപകര്‍ അനുവദിച്ചില്ലെന്ന് പരാതി. നീര്‍വാരം സ്വദേശിയും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ദിലീപ് കുമാറാണ് ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. പോസ്റ്റില്‍ പറയുന്നത് ഇങ്ങിനെ നീര്‍വാരം സ്‌കൂളില്‍ ചില ആദിവാസി വിദ്യാര്‍ഥികളെ 2018ലെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല എന്നതുമായി ബന്ധപ്പെട്ടു ചില സൂചനകള്‍ രണ്ടു ദിവസം മുന്‍പാണ് ലഭിച്ചത്.
തുടര്‍ന്ന് ഇതിന്റെ നിജസ്ഥിതി മനസിലാക്കാന്‍ ശ്രമിച്ചുവരികയായിരുന്നു ഇന്നലെയും ഇന്നും. അതിന്റെ ഫലമായി ചില വിദ്യാര്‍ഥികളുടെ പേരുകള്‍ അറിയാന്‍ സാധിച്ചു. അവരുടെ മേല്‍വിലാസം കണ്ടുപിടിക്കുകയും അവരുടെ വീടുകളില്‍ പോയി കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. കേട്ടറിഞ്ഞതിനേക്കാള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു കണ്ടറിഞ്ഞ വിവരങ്ങള്‍. അത് എല്ലാവരും അറിയണമെന്നു തോന്നിയതിനാല്‍ ഇവിടെ കുറിക്കുകയാണ് എന്നു പറഞ്ഞാണ് ഇയാളുടെ പോസ്റ്റ് ആരംഭിക്കുന്നത്. ഇത്തവണ 54 കുട്ടികള്‍ പത്താംതരത്തില്‍ ഉണ്ടായിരുന്ന സ്‌കൂളില്‍ നിന്ന് 49 പേരാണ് പരീക്ഷ എഴുതിയത്.
അഞ്ചുപേരാണ് പരീക്ഷ എഴുതാത്തത്. ഇവരില്‍ അമ്മാനിവയല്‍ കോളനിയിലെ പരീക്ഷയെഴുതാത്ത കുട്ടിയെ കണ്ട് സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. അവര്‍ ഡിസംബര്‍ മാസംവരെ സ്‌കൂളില്‍ പോയിട്ടുണ്ട്, ക്രിസ്മസ് പരീക്ഷ എഴുതി വിജയിച്ചു എന്നാണ് ഇവര്‍ പറയുന്നത്.
ജനുവരി മാസത്തില്‍, കുടുംബാംഗങ്ങളുടെ ശബരിമല തീര്‍ഥാടന യാത്രയുമായി ബന്ധപ്പെട്ടു രണ്ടു ദിവസം സ്‌കൂളില്‍ പോയിട്ടില്ലെന്നും അതിനു ശേഷം സ്‌കൂളില്‍ ചെന്നപ്പോള്‍ 'ഇനി സ്‌കൂളിലേക്കു വരേണ്ട' എന്ന രീതിയില്‍ ഹെഡ് മാസ്റ്ററും അധ്യാപകരും സംസാരിച്ചുവെന്നും, തുടര്‍ന്ന് ഹെഡ് മാസ്റ്ററും ടീച്ചര്‍മാരും വീട്ടില്‍ ചെന്ന് ഇതേ രീതിയില്‍ അറിയിച്ചിട്ട് പോയി എന്നുമാണ് കുട്ടികള്‍ പറയുന്നത്. ഇതില്‍ ഒരു കുട്ടിയുടെ അമ്മയെ കാണുന്നതിന് ദിവസങ്ങള്‍ക്കു ശേഷം രണ്ടു അധ്യാപികമാരും ഒരു അധ്യാപകനും വേണ്ടി അവര്‍ പണിയെടുക്കുന്ന സ്ഥലത്തു ചെന്നിരുന്നു എന്നും എന്തോ ഒരു കടലാസില്‍ ഒപ്പിട്ടു വാങ്ങിച്ചതായും അമ്മയും ആരോപിക്കുന്നുണ്ട്. 'ഈ വര്‍ഷം മകന് പരീക്ഷ എഴുതാന്‍ പറ്റില്ല, അതിനു ഒപ്പിട്ടു തരണം, ഈ വര്‍ഷം പരീക്ഷ എഴുതിയാല്‍ അവന്‍ വിജയിക്കില്ലെന്നും അധ്യാപകര്‍ പറഞ്ഞെന്നാണ് ഈ അമ്മയുടെ ആരോപണം.
ഇത്തരത്തിലുള്ള അനുഭവങ്ങള്‍ തന്നെയാണ് മറ്റ് കുട്ടികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞതെന്നും ഇയാള്‍ പോസ്റ്റില്‍ അവകാപ്പെടുന്നുണ്ട്. സംഭവം ചര്‍ച്ചയായതോടെ യുവജന-രാഷ്ട്രീയ സംഘടനകളും സംഭവത്തിലെ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."