ഇസ്‌റാഈല്‍ വെടിവയ്പ്പ്: കൊല്ലപ്പെട്ടത് 15 പേര്‍, 1400 പേര്‍ക്ക് പരുക്ക്
ഗസ്സ: ഭൂമി ദിനാചരണത്തിന്റെ ഭാഗമായി ഗസ്സയില്‍ ഫലസ്തീനികള്‍ നടത്തിയ മാര്‍ച്ചിലേക്ക് ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 1400 ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തേത്തുടര്‍ന്ന് ഫലസ്തീനില്‍ ഇന്ന് ദു:ഖാചരണം നടത്തുകയാണ്. സ്‌കൂളുകളും കോളജുകളും യൂനിവേഴ്‌സിറ്റികളും അടക്കം എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ശനിയാഴ്ച അടച്ചിടും. രക്തസാക്ഷികളുടെ പേരില്‍ ദു:ഖാചരണത്തിന്റെ ഭാഗമായാണിതെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചു.
ഭൂമി ദിനം
1976 മാര്‍ച്ച് 30ന് ഫലസ്തീനില്‍ ഇസ്‌റാഈല്‍ വ്യാപകമായി ഭൂമി കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 30ന് ഭൂമി ദിനാചരണം നടത്തുന്നത്. അന്ന് ഇസ്‌റാഈല്‍ സേനയുടെ വെടിയേറ്റ് ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. 42-ാം ഭൂമി ദിനാചരണമായിരുന്നു വെള്ളിയാഴ്ച.
1948 ലെ യുദ്ധാനന്തരം ഇസ്‌റാഈല്‍ കയ്യേറിയ ഫലസ്തീന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ തിരിച്ചുനല്‍കണമെന്ന ആവശ്യം കൂടി ഉയര്‍ത്തിയാണ് ഈ ദിവസം മാര്‍ച്ച് നടത്തിയത്. അന്ന് ഗസ്സയിലെ 70 ശതമാനം ജനങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."