ഈ സാമ്പത്തിക വര്‍ഷം 25,985 കോടി രൂപ കടമെടുക്കും
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്നു മുതല്‍ ട്രഷറികള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പടുത്തി സര്‍ക്കാര്‍. വകുപ്പുകളുടെ ദൈനംദിന പ്രവര്‍ത്തനത്തിനുള്ള പണം മാത്രമേ ഇനി മുതല്‍ ട്രഷറിയില്‍ സൂക്ഷിക്കാന്‍ അനുവദിക്കൂ. ചെലവഴിക്കുന്നതും അതിനനുസരിച്ചായിരിക്കും. ഫണ്ടുകള്‍ വകമാറ്റാന്‍ അനുവദിക്കില്ല. കൂടാതെ കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തും.
നികുതി വരുമാനം കുറഞ്ഞതും നേരത്തെ എടുത്ത വായ്പാ തിരിച്ചടവുമാണ് ചെലവ് ചുരുക്കി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമായത്. ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് പാസാക്കിയതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തദ്ദേശസ്ഥാപനങ്ങളിലെയും വിവിധ വകുപ്പുകളിലെയും ആസൂത്രണ, പദ്ധതി ചെലവുകള്‍ ഈ മാസം തന്നെ ആരംഭിക്കും. ശമ്പളവും പെന്‍ഷനും മറ്റു ചിലവുകള്‍ക്കുമുള്ള പണം മാറ്റി വച്ചതിനുശേഷം മാത്രമേ പദ്ധതികള്‍ക്ക് പണം അനുവദിക്കൂ.
ഈ സാമ്പത്തിക വര്‍ഷം വന്‍കിട പദ്ധതികള്‍ ഒന്നും തന്നെ ആരംഭിക്കേണ്ടയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര സഹായത്തോടെയുള്ള വന്‍കിട പദ്ധതികള്‍ ചെലവും ബാധ്യതയുമെല്ലാം വിശദമായി പരിശോധിച്ച ശേഷമേ ഏറ്റെടുക്കൂ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഷിക പദ്ധതിയില്‍നിന്നു ഏതാണ്ട് 728.67 കോടി രൂപ വന്‍കിട പദ്ധതികള്‍ക്ക് ചെലവഴിച്ചിരുന്നു. നിലവില്‍ കൊച്ചി മെട്രോ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ മെട്രോയ്ക്ക് എടുത്ത വായ്പയുടെ പലിശ അടയ്ക്കണം. കൂടാതെ കണ്ണൂര്‍ എയര്‍പോര്‍ട്ടിനും വിഴിഞ്ഞം തുറുമുഖത്തിനും പണം ചെലവഴിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 26,500 കോടിയാണ് വാര്‍ഷിക പദ്ധതി വിഹിതം. ഇതില്‍ 16,809.7 കോടി മാത്രമേ ചെലവിടാന്‍ കഴിഞ്ഞിട്ടുള്ളൂ.
ഈ സാമ്പത്തിക വര്‍ഷം 25,985 കോടി രൂപ കടമെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പരിധി 20,402 കോടി രൂപയാണ്. ബാക്കി തുക മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് കണ്ടെത്തും. വരുമാനം കുറയുകയാണെങ്കില്‍ സംസ്ഥാനത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍നിന്ന് കൂടുതല്‍ വായ്പ തരപ്പെടുത്താനാണ് തീരുമാനം.
ശമ്പളത്തിനും പെന്‍ഷനുമായി 4,300 കോടിയും, നാലു മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ നല്‍കാനായി സ്വരൂപിച്ച 2,000 കോടിയും, പൊതുമരാമത്ത് കരാറുകാരുടെ കുടിശികയായ 685 കോടിയും, തദ്ദേശ സ്ഥാപനങ്ങളുടെ ബില്‍ മാറി നല്‍കാന്‍ ഒരു 300 കോടിയുമാണ് ഈ മാസം വേണ്ടത്. കൂടാതെ മറ്റു വകുപ്പുകളില്‍ നിന്നും കഴിഞ്ഞ ദിവസം വകമാറ്റിയ പണം തിരികെ നല്‍കേണ്ടിയും വരും.
ഈ മാസം മുതല്‍ പ്രതിമാസ വരവ് 6,100 കോടിയാണ് പ്രതീക്ഷിക്കുന്നത്. 1,600 കോടി കേന്ദ്ര വിഹിതമായി ലഭിയ്ക്കും. 1,600 കോടി ജി.എസ്.ടിയില്‍ നിന്നും ലഭിയ്ക്കും. മദ്യം ലോട്ടറി എന്നിവയില്‍ നിന്നും 1,300 കോടിയും രജിസ്‌ട്രേഷനില്‍ നിന്നും 700 കോടിയും, നികുതിയിതര വരുമാനമായി 900 കോടിയുമാണ് പ്രതിമാസ വരവ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ പ്രതിമാസ ചെലവാകട്ടെ 7,900 കോടിയാണ്. ശമ്പളവും പെന്‍ഷനും 4,300 കോടിയും, ക്ഷേമ പെന്‍ഷനുകള്‍ക്ക് 500 കോടിയും, പലിശ വായ്പ തിരിച്ചടവിനായി 2,300 കോടിയും മറ്റു ചെലവുകള്‍ക്കായി 800 കോടിയുമാണ് ആവശ്യം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 29,083.64 കോടിയാണ് സംസ്ഥാനം വായ്പയെടുത്തത്. ഈ സാമ്പത്തിക വര്‍ഷം കൂടി എടുക്കുന്നതു കൂടി ചേര്‍ത്താല്‍ മൊത്തം കടം 2,09,286.06 കോടിരൂപയാവും. അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് അനുകൂലമാണെങ്കിലും സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കും.ഇതെല്ലാം മുന്നില്‍ കണ്ട് വായ്പാലഭ്യത ഉറപ്പ് വരുത്താനുള്ള മുന്നൊരുക്കങ്ങള്‍ കഴിഞ്ഞ മാസം തന്നെ ധനകാര്യ വകുപ്പില്‍ ആരംഭിച്ചിരുന്നു. ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയുടെ മൂന്ന് ശതമാനം വായ്പയെടുക്കാനാണ് കേന്ദ്രം അനുവദിക്കുക. സംസ്ഥാനത്തെ ഉല്‍പാദനം പ്രതീക്ഷിച്ച തോതില്‍ വര്‍ദ്ധിക്കാത്തത് പ്രതികൂലാവസ്ഥയുണ്ടാക്കും. പബ്‌ളിക് അക്കൗണ്ടുകളില്‍ നിന്ന് എടുക്കുന്ന വായ്പ മൊത്തം വായ്പാ പരിധിയില്‍ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കവും ഇനി തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."