സാമൂഹ്യ പെന്‍ഷന്‍: അനര്‍ഹരുടെ പട്ടിക പ്രാദേശിക ഭരണസമിതികള്‍ അട്ടിമറിക്കുന്നു
കൊണ്ടോട്ടി: തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ തയാറാക്കിയ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളിലെ അനര്‍ഹരുടെ പട്ടിക പ്രാദേശിക ഭരണസമിതികള്‍ അട്ടിമറിക്കുന്നു. സാമൂഹ്യപെന്‍ഷന്‍ അപേക്ഷകന്റെ ഭൗതിക സാഹചര്യങ്ങള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിശോധിച്ച് സെക്രട്ടറിമാര്‍ തയാറാക്കുന്ന ലിസ്റ്റിലെ അനര്‍ഹര്‍ക്ക് ഭരണസമിതിയുടെ സ്വാധീനത്തില്‍ വീണ്ടും പെന്‍ഷന്‍ അനുവദിക്കുന്നതായി സര്‍ക്കാര്‍ കണ്ടെത്തി.
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാങ്ങുന്നവരായി 42.5ലക്ഷം പേരും, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വാങ്ങുന്നവര്‍ 10 ലക്ഷം പേരുമാണുള്ളത്. 2011 ലെ സെന്‍സസ് പ്രകാരംസംസ്ഥാനത്ത് 60 വയസിന് മുകളില്‍ പ്രായമുള്ളവരായി 42.28 ലക്ഷം പേരുണ്ട്. ഇതില്‍ സര്‍വിസ് പെന്‍ഷന്‍ വാങ്ങുന്നവരുടേയും, ഒരുലക്ഷം വാര്‍ഷിക വരുമാനമുള്ളവരുടേയും എണ്ണം കുറയുകയും ചെയ്യുമ്പോളും പെന്‍ഷന്‍ വാങ്ങുന്നവര്‍ കൂടുതലാണെന്നാണ് കണ്ടെത്തിയത്.
അനര്‍ഹരെ കണ്ടെത്താന്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സെക്രട്ടിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ പരിശോധനകളില്‍ അനര്‍ഹര്‍ പെന്‍ഷന്‍ കൈപ്പറ്റുന്നത് കണ്ടാല്‍ തുക സെക്രട്ടറിമാരുടെ വേതനത്തില്‍നിന്ന് ഈടാക്കുമെന്നായിരുന്നു സര്‍ക്കാര്‍ മുന്നറിയിപ്പ്. ഇതിനുസരിച്ച് സെക്രട്ടറിമാര്‍ നടത്തിയ പരിശോധനയില്‍ നിരവധി അനര്‍ഹര്‍ പെന്‍ഷന്‍ തട്ടിയെടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവരുടെ പെന്‍ഷന്‍ തടഞ്ഞെങ്കിലും പ്രാദേശിക ഭരണകൂടങ്ങള്‍ ഇടപെട്ട് ഇവര്‍ക്ക് വീണ്ടും പെന്‍ഷന്‍ വാങ്ങാന്‍ സൗകര്യമൊരുക്കുകയായിരുന്നു. സെക്രട്ടറിമാരുടെ ലിസ്റ്റില്‍ താളപ്പിഴയുണ്ടെന്ന വാദവുമായാണ് പ്രാദേശിക ഭരണകൂടം രംഗത്തുളളത്.
നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ സെക്രട്ടറിമാര്‍ അനര്‍ഹരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ അപേക്ഷകള്‍ വീണ്ടും പുനപരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, തദ്ദേശ സെക്രട്ടറി, തദ്ദേശ സ്ഥാപനങ്ങളിലെ ഗസറ്റഡ് ജീവനക്കാരന്‍ എന്നിവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ച് അന്വേഷണം നടത്താനാണ് നിര്‍ദേശം. ഇവര്‍ തയാറാക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുന്ന അപേക്ഷകന് പെന്‍ഷന്‍ ലഭിക്കും. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ 12 ശതമാനവും അനര്‍ഹര്‍ കൈപ്പറ്റുന്നതായി നേരത്തെ സി.എ.ജിയുടെ പഠന റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."