എല്‍.പി.എസ്.എ: മലപ്പുറത്തെ അഭിമുഖം തലസ്ഥാനത്തേക്ക് മാറ്റാന്‍ നീക്കം
മലപ്പുറം: ജില്ലയില്‍ പി.എസ്.സിയുടെ എല്‍.പി.എസ്.എ പരീക്ഷയില്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭിമുഖം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ അണിയറയില്‍ നീക്കം തകൃതി. റാങ്ക്‌ലിസ്റ്റില്‍ സപ്ലിമെന്ററി ഉള്‍പ്പെടെ 3447 പേരാണ് മലപ്പുറത്തുള്ളത്. ഇതില്‍ മെയിന്‍ലിസ്റ്റില്‍ 1001 പേരാണുള്ളത്.
ഇവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ഈമാസം 20ാം തിയതിയോടെ പരിശോധന അവസാനിക്കും. ഇത് പൂര്‍ത്തിയാകുന്നമുറക്ക് അഭിമുഖത്തിന്റെ ദിവസവും സ്ഥലവും തിയതിയും ഉള്‍പ്പെടുന്ന ഷെഡ്യൂള്‍ പുറത്തിറക്കും.
നിലവില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കുന്ന ഉദ്യോഗാര്‍ഥികളോട് അഭിമുഖം തിരുവനന്തപുരത്തായിരിക്കുമെന്ന സൂചന പല ഉദ്യോഗസ്ഥരും നല്‍കിക്കഴിഞ്ഞു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ പകുതിയോളംപേര്‍ തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. അവരുടെ സൗകര്യം പരിഗണിച്ചാണ് അഭിമുഖം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ നീക്കം നടത്തുന്നത്.
സാധാരണ ജോലിക്കായി തിരഞ്ഞെടുക്കുന്ന ജില്ലകളിലാണ് അഭിമുഖം നടത്താറുള്ളത്. അല്ലെങ്കില്‍ ആ ജില്ലയുടെ റീജ്യനല്‍ ഓഫിസിലാണ് അഭിമുഖം നടത്തുക. ഇതില്‍ തീരുമാനമെടുക്കുന്നത് തിരുവന്തപുരം പി.എസ്.സി കമ്മിഷണറുടെ ഓഫിസില്‍ നിന്നാണ്.
എന്നാല്‍ മലപ്പുറം ജില്ലയിലെ അവസരത്തിനായി അപേക്ഷിച്ച മറ്റുജില്ലക്കാരുടെ സൗകര്യം പരിഗണിച്ച് തിരുവനന്തപുരത്തേക്ക് അഭിമുഖം മാറ്റാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഉദ്യോഗാര്‍ഥികള്‍. ഇവിടെ തൊഴിലെടുക്കാന്‍ അപേക്ഷ നല്‍കി പരീക്ഷയെഴുതിയവര്‍ മലപ്പുറത്ത് അഭിമുഖത്തിനെത്തുകയാണ് വേണ്ടതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
അതേസമയം മലപ്പുറത്ത് ഒരു ഇന്റര്‍വ്യൂ ഹാള്‍ മാത്രമേയുള്ളുവെന്നും ഒരു ദിവസം 37 പേരുടെ അഭിമുഖത്തിനേ സമയമുണ്ടാകുവെന്നും മലപ്പുറം ജില്ലാ പി.എസ്.സി ഓഫിസിലെ ജീവനക്കാര്‍ പറയുന്നു. ആഴ്ചയില്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് അഭിമുഖം നടക്കുക. എന്നാല്‍ പി.എസ്.സി ആസ്ഥാനത്ത് എത്ര സൗകര്യമൊരുക്കാനും കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌കൂളുകള്‍ തുറക്കുന്ന സമയത്തോടെ അധ്യാപകരെ നല്‍കാന്‍ കഴിയുന്ന തരത്തില്‍ കാര്യങ്ങള്‍ ക്രമപ്പെടുത്താനാണ് അഭിമുഖം മാറ്റാനുള്ള സാഹചര്യത്തിന് പിന്നിലെന്നും അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."