തിംബുക്തു മുസ്‌ലിം പൈതൃകകേന്ദ്രങ്ങള്‍ തകര്‍ത്ത സംഭവം
ഹേഗ്: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ പൈതൃകഭൂമിയായ തിംബുക്തു തകര്‍ത്ത സംഭവത്തില്‍ ഭീകരനെ രാജ്യാന്തര കോടതി കസ്റ്റഡിയിലെടുത്തു. ഹസ്സാന്‍ അബ്ദുല്‍ അസീസ് മുഹമ്മദ് മഹ്മൂദിനെയാണ് മാലി അധികൃതര്‍ അറസ്റ്റ് ചെയ്ത് രാജ്യാന്തര കോടതിയായ ഇന്റര്‍നാഷനല്‍ ക്രിമിനല്‍ കോര്‍ട്ടില്‍ (ഐ.സി.സി) ഏല്‍പ്പിച്ചത്. തിംബുക്തുവിലെ മുസ്‌ലിം പൈതൃകകേന്ദ്രങ്ങള്‍ തകര്‍ത്തു, ഇവിടത്തെ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കി തുടങ്ങിയ യുദ്ധക്കുറ്റങ്ങള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നു. രാജ്യാന്തര കോടതി ഹസ്സാനിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് നാലു ദിവസങ്ങള്‍ പിന്നിട്ട ശേഷമാണു പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം മാലിയില്‍ അറസ്റ്റിലായ ഇയാളെ ഹേഗിലെ ട്രിബ്യൂണല്‍ തടവുകേന്ദ്രത്തില്‍ എത്തിച്ചു. അല്‍ഖാഇദയുടെ പ്രാദേശിക ഘടകമായ അന്‍സാറുദ്ദീനില്‍ അംഗത്വമുള്ള ഇയാള്‍ 2012 ഏപ്രില്‍ മുതല്‍ 2013 ജനുവരി വരെ സംഘത്തിന്റെ സായുധ വിഭാഗം തലവനായിരുന്നു. 2012-13 കാലയളവിലാണ് തിംബുക്തുവില്‍ വ്യാപകമായി ഇസ്‌ലാമിക പൈതൃക കേന്ദ്രങ്ങളും ദര്‍ഗകളും പള്ളികളും ലൈബ്രറികളും അല്‍ഖാഇദ ഭീകരര്‍ തകര്‍ത്തത്. ഇതോടൊപ്പം ഇവിടത്തെ സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ലൈംഗിക തൊഴിലാളികളാക്കി ഉപയോഗിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. യുനൈസ്‌കോ പൈതൃക പട്ടികയില്‍ ഇടംപിടിച്ച വടക്കന്‍ മാലിയിലെ തിംബുക്തുവിന്റെ നിയന്ത്രണം 2012ലാണ് അല്‍ഖാഇദ ഭീകരര്‍ പിടിച്ചടക്കിയത്.
സംഭവത്തില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഭീകരനാണ് ഹസ്സാന്‍. നേരത്തെ അഹ്മദ് അല്‍ ഫഖീ അല്‍ മഹ്ദി എന്നയാളും ഇതേ യുദ്ധക്കുറ്റത്തിന് അറസ്റ്റിലായിരുന്നു. 333 പുണ്യപുരുഷന്മാരുടെ നഗരം എന്ന പേരിലും തിംബുക്തു അറിയപ്പെട്ടിരുന്നു.
അഞ്ചാം നൂറ്റാണ്ടില്‍ ഇവിടെ അധിവസിച്ച പാരമ്പര്യ മുസ്‌ലിം സമൂഹം നിരവധി വൈജ്ഞാനിക കേന്ദ്രങ്ങളും ലൈബ്രറികളും തീര്‍ഥാടന കേന്ദ്രങ്ങളും ഇവിടെ സ്ഥാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."