ഹര്‍ത്താല്‍ കോമഡികളാല്‍ തീരില്ല സര്‍ക്കാര്‍ വക എണ്ണവില കൊള്ള
ചരിത്രത്തില്‍ ആദ്യമായി ഡീസല്‍ ലിറ്ററിന് 70 രൂപയില്‍ എത്തിച്ചു കൊണ്ട് സാധാരണ ജനങ്ങളോടുള്ള സര്‍ക്കാറിന്റെ ക്രൂരകൃത്യം തുടരുകയാണ്. ഓരോ പ്രാവശ്യവും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ബി.ജെ.പി സര്‍ക്കാര്‍ വര്‍ധിപ്പിക്കുമ്പോള്‍ ഒരനുഷ്ഠാനംപോലെ ഹര്‍ത്താലുകള്‍ നടത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ കൃതാര്‍ഥരാകുന്നു. ഈ കോമഡി കണ്ട് പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിമാരും ബി.ജെ.പി നേതാക്കളും കോര്‍പ്പറേറ്റുകള്‍ക്കൊപ്പം ആസ്വദിക്കുന്നു. ആവര്‍ത്തനവിരസമായ ഈ പ്രതിഷേധ പ്രകടന പ്രഹസനത്തില്‍ നിന്നും പിന്മാറാന്‍ പ്രതിപക്ഷമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും തയാറല്ല എന്നതാണ് പൊതുസമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുരന്തം. ഇത് ആദ്യമായാണ് തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 70 രൂപയിലധികം വര്‍ധിക്കുന്നത്. പെട്രോളിന്റെ വിലയും ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
പെട്രോളിന്റേയും ഡിസലിന്റേയും വിലകള്‍ തമ്മിലുള്ള വ്യത്യാസം നേര്‍ത്തതായിരിക്കുന്നു. വില വ്യത്യാസത്തിലെ ഈ നേരിയ അന്തരം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. എണ്ണക്കമ്പനികള്‍ക്ക് വില നിശ്ചയിക്കാനുള്ള അവകാശം നല്‍കിയത് വഴി ദിനേന ഇന്ധന വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു കമ്പനികള്‍. പൈസ നിരക്കിലുള്ള വര്‍ധനയായതിനാല്‍ ഉപയോക്താക്കള്‍ ഈ വിലക്കയറ്റം കാര്യമായി ശ്രദ്ധിച്ചില്ല. നേരത്തെ സര്‍ക്കാര്‍ ഒരു വര്‍ഷത്തിനിടയില്‍ വര്‍ധിപ്പിക്കുന്ന എണ്ണ വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കുവാന്‍ വര്‍ഷംതോറും കമ്പനികള്‍ക്ക് നയാപൈസ വര്‍ധനവിലൂടെ കഴിഞ്ഞു. ഉപയോക്താക്കള്‍ അറിയാതെ അവരെ പോക്കറ്റടിക്കുന്ന ഈ പ്രവൃത്തി ബ്ലേഡ് പലിശക്കാരെയാണ് ഓര്‍മിപ്പിക്കുന്നത്. ഒരു മാസത്തില്‍ ഡീസലിന് രണ്ടര രൂപ എന്ന തോതിലാണ് എണ്ണക്കമ്പനികള്‍ ഈടാക്കി വരുന്നത്. ഇത് ഒരുവര്‍ഷമാകുമ്പോള്‍ 25 രൂപയിലധികമാകും. ചിലപ്പോള്‍ അതിലധികം കൂടും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 10 മുതലാണ് ഇന്ധനവില ഓരോ ദിവസവും വര്‍ധിക്കുവാന്‍ തുടങ്ങിയത്. അന്ന് 58.39 എന്ന നിരക്കിലായിരുന്നു ഡീസല്‍ വിലയെങ്കില്‍ അതാണിപ്പോള്‍ 70 രൂപയില്‍ എത്തിയിരിക്കുന്നത്.
നല്ല ദിവസം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുവാന്‍ റിലയന്‍സ് പോലുള്ള എണ്ണ കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് അവരെ എറിഞ്ഞു കൊടുക്കുമ്പോള്‍ അതിനെതിരേ ഹര്‍ത്താല്‍ പൊറാട്ട് നാടകം കളിക്കുന്നത് കൊണ്ടെന്ത് ഫലം. ഹര്‍ത്താല്‍ കഴിഞ്ഞാല്‍ എണ്ണക്കമ്പനികള്‍ വീണ്ടും ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ വ്യാപൃതരാവുകയും ചെയ്യും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പോലുള്ള എണ്ണക്കമ്പനികളില്‍ ധൂര്‍ത്തിന്റെ ആറാട്ടുല്‍സവങ്ങളാണ് നടത്തുന്നതെന്ന പരാതികള്‍ക്ക് ഏറെ പഴക്കമുണ്ട്. എണ്ണ ഖനനം നടക്കുന്ന ചെറിയ ദൂരങ്ങളിലേക്ക് പോലും ഇവര്‍ ഹെലികോപ്റ്ററുകളില്‍ മാത്രമേ സഞ്ചരിക്കാറുള്ളൂ എന്ന് കമ്പനി ഉദ്യോഗസ്ഥരെ പറ്റി നേരത്തെ തന്നെ പരാതികള്‍ കേട്ടിരുന്നു. ലക്ഷങ്ങള്‍ ഇവര്‍ ശമ്പളമായി വാങ്ങുന്നു. പുറമെ അലവന്‍സുകളായും യാത്രാബത്തകളായും വലിയ തുകകള്‍ ഈടാക്കുന്നുവെന്നതും ഇവര്‍ക്കെതിരേയുള്ള ആരോപണങ്ങളാണ്. പരാതികളും ആരോപണങ്ങളും ഉയരുമ്പോള്‍ എണ്ണക്കമ്പനി ഉദ്യോഗസ്ഥരുടെ ശമ്പളത്തെക്കുറിച്ചും അവര്‍ വാങ്ങുന്ന മറ്റു ആനുകൂല്യങ്ങളെക്കുറിച്ചും പൊതുസമൂഹത്തെ അറിയിക്കുക എന്നത് സര്‍ക്കാറിന്റെ ബാധ്യതയാണ്. സര്‍ക്കാര്‍ അത് നിര്‍വ്വഹിക്കാത്തിടത്തോളം കോര്‍പ്പറേറ്റുകളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനി ഉദ്യോഗസ്ഥരും സംയുക്തമായി നടത്തുന്ന, എണ്ണയുടെ പേരിലുള്ള തീവെട്ടി കൊള്ളയായി മാത്രമേ എണ്ണവിലയുടെ ക്രമാതീതമായ വര്‍ധനവിനെ കാണാനാകൂ. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതാണ് ഇപ്പോഴത്തെ എണ്ണവിലവര്‍ധനവിന് കാരണമായി പറയുന്നത്. ഈ ന്യായം തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ബാധകമല്ലേ. പല തെക്കനേഷ്യന്‍ രാജ്യങ്ങളിലും ഇന്ത്യയേക്കാള്‍ വിലക്കുറവുണ്ടല്ലോ ഡീസലിനും പെട്രോളിനും.
കോര്‍പ്പറേറ്റുകളെ സന്തോഷിപ്പിക്കുന്നതോടൊപ്പം കോര്‍പ്പറേറ്റുകള്‍ തട്ടിക്കൊണ്ടു പോകുന്ന കോടികളുടെ നഷ്ടം നികത്താന്‍ സാധാരണക്കാരന്റെ കഞ്ഞിച്ചട്ടിയില്‍ കൈയിട്ട് വാരുക എന്ന ഒളി അജന്‍ഡയും ഈ വിലക്കയറ്റത്തിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടി വരുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന സൗജന്യങ്ങളുടെ പേരില്‍ അവരില്‍ നിന്നും കനത്ത സംഭാവനകള്‍ ഈടാക്കുക. ആ തുക കൊണ്ട് സംസ്ഥാനങ്ങളിലെ ഭരണ കൂടങ്ങളെ അട്ടിമറിക്കുക. തെരഞെടുപ്പ് കഴിയുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലെങ്കില്‍ കോര്‍പ്പറേറ്റുകളില്‍ നിന്നും ഈടാക്കിയ തുക കൊണ്ട് എം.എല്‍.എമാരെ വിലപേശി കച്ചവടം ഉറപ്പിച്ച് ഭരണത്തിലെത്തുക. അതുവഴി ജനാധിപത്യ ഭരണ സമ്പ്രദായത്തെ തന്നെ ഗളഹസ്തം ചെയ്യുക. രാജ്യത്ത് ഏറ്റവുമധികം സംഭാവന വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന വിവരം ഈയിടെയാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ചുരുക്കത്തില്‍ ഓരോ തവണ എണ്ണവില വര്‍ധിക്കു മ്പോള്‍ ബി.ജെ.പിയടക്കം അതിന്റെ ആനുകൂല്യം പറ്റുന്നു എന്നു വേണം കരുതാന്‍.
ഡീസലിന്റെ വില വര്‍ധിക്കുമ്പോള്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലവര്‍ധിക്കുന്നു. കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ ചരക്കുകളുടെ കടത്തുകൂലിയില്‍ വരുന്ന നേരിയ വര്‍ധനപോലും പാവപ്പെട്ടവന്റെ കഞ്ഞിക്കലത്തെയാണ് ബാധിക്കുന്നത്. ഇപ്പോള്‍ തന്നെ കനത്ത വില വര്‍ധന കാരണം കടുംബ ബജറ്റ് താളം തെറ്റിയ സാധാരണക്കാരനെ പട്ടിണിയിലേക്ക് തള്ളിയിടുന്നതാണ് ഡീസലിന്റെ പുതിയ വില വര്‍ധന. സര്‍ക്കാറിന്റേയും കോര്‍പ്പറേറ്റുകളുടേയും സംയുക്തമായ ഈ പകല്‍കൊള്ളക്കെതിരെ ഉപയോഗിച്ച് പരിഹാസ്യമായി തീര്‍ന്ന ഹര്‍ത്താലുകള്‍ കൊണ്ടല്ല പ്രതിരോധം തീര്‍ക്കേണ്ടത്. മഹാരാഷ്ട്ര സര്‍ക്കാറിനെ മുട്ടുകുത്തിച്ച കര്‍ഷക സമരംപോലുള്ള ജനകീയ കൂട്ടായ്മയാല്‍ ഉരുവം കൊള്ളുന്ന അതിതീക്ഷ്ണ സമരജ്വാലകള്‍ കൊണ്ട് മാത്രമേ ഇത്തരം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് എണ്ണ വില വര്‍ധനക്കൊള്ള അവസാനിപ്പിക്കാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."