അനധികൃത കെട്ടിടം ക്രമപ്പെടുത്തല്‍: ജില്ലാതല സമിതികള്‍ രൂപീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും പഞ്ചായത്തുകളിലും അനധികൃതമായി നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവല്‍ക്കരിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതിനായി ജില്ലാതലത്തില്‍ സമിതികള്‍ രൂപീകരിക്കും.
2017 ജൂലൈ 31 വരെയുള്ള നിര്‍മാണങ്ങളാണ് ഇത്തരത്തില്‍ ക്രമവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി ലഭിച്ചിട്ടുള്ള അപേക്ഷകള്‍ ഇത്തരത്തില്‍ രൂപീകരിക്കുന്ന സമിതികളായിരിക്കും പരിഗണിക്കുക. അനധികൃത നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ നല്‍കുന്നതിനുള്ള സമയം മെയ് 15 വരെയായി നിശ്ചയിച്ചിട്ടുണ്ട്.
ജില്ലാ ടൗണ്‍ പ്ലാനര്‍, നഗരകാര്യ വകുപ്പ് റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ അടങ്ങിയതായിരിക്കും മുനിസിപ്പാലിറ്റികളിലേയും കോര്‍പറേഷനുകളിലെയും സമിതി.
ജില്ലാ ടൗണ്‍ പ്ലാനര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉത്തരവാദപ്പെട്ട സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണ് പഞ്ചായത്ത് പ്രദേശങ്ങളില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിക്കുന്ന സമിതിയിലെ അംഗങ്ങള്‍.
അനധികൃത നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തുന്നത് നിരീക്ഷിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ സമിതി രൂപീകരിക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
കോര്‍പറേഷന്‍, മുനിസിപ്പല്‍ പ്രദേശത്ത് നാലംഗ സമിതി ഇതിനായി പ്രവര്‍ത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് (നഗരകാര്യം) സെക്രട്ടറി ചെയര്‍മാനായുള്ള സമിതിയില്‍ ചീഫ് ടൗണ്‍ പ്ലാനര്‍, ചീഫ് എന്‍ജിനീയര്‍, നഗരകാര്യങ്ങളുടെ ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളാണ്.
പഞ്ചായത്ത്തല നിരീക്ഷണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചീഫ് ടൗണ്‍ പ്ലാനര്‍, ചീഫ് എന്‍ജിനീയര്‍, പഞ്ചായത്ത് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
60 മുതല്‍ 300വരെ ചതുരശ്ര മീറ്റര്‍ വരെയുള്ള അനധികൃത നിര്‍മാണങ്ങളാണ് 3000 മുതല്‍ 30,000 വരെയുള്ള തുക പിഴയായി ഈടാക്കി ക്രമപ്പെടുത്താന്‍ ചട്ടമുണ്ടാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."