പെട്രോള്‍-ഡീസല്‍ വില സംസ്ഥാന സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വില അനിയന്ത്രിതമായി കുതിച്ചുയരുമ്പോള്‍ കേന്ദ്രം വില കുറയ്ക്കുന്നില്ലെന്ന് ഒഴിവുകഴിവ് പറഞ്ഞ് രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വില കുറയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ യു.ഡി.എഫിന്റെ മാതൃക സ്വീകരിച്ച് കുറഞ്ഞപക്ഷം അധികവിലയുടെ നികുതിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെണ്ടന്നു വയ്ക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ 2011- 16 കാലയളവില്‍ നാലു തവണ ഇന്ധനവില ഉയര്‍ന്നപ്പോള്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി വേണ്ടെണ്ടന്നു വയ്ക്കുകയാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില പകുതിയോളം താഴ്ന്നിട്ടും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നു. എക്സൈസ് ഡ്യൂട്ടി നിരവധി തവണ കൂട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം കുതിച്ചുയര്‍ന്നു. സാധാരണ ജനങ്ങളെ പിഴിഞ്ഞെടുക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍.
പെട്രോളിനു കേന്ദ്ര നികുതി 19.48 രൂപയും സംസ്ഥാന നികുതി 14.64 രൂപയുമാണ്. ഡീസലിനു കേന്ദ്ര നികുതി 15.33 രൂപയും സംസ്ഥാന നികുതി 12.45 രൂപയുമാണ്. പൊതുജനങ്ങള്‍ പെട്രോളിനും ഡീസലിനും കൊടുക്കുന്ന വിലയുടെ പകുതിയോളം വിവിധ നികുതികളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു ലഭിക്കുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."