ലീഗിന് പിന്തുണയുമായി സുധാകരന്
ഉദുമ: ഉദുമ മണ്ഡലത്തിലെ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞതാണ് പരാജയത്തിന് കാരണമെന്ന കോണ്‍ഗ്രസ്സിന്റെ കണ്ടെത്തല്‍ തള്ളി ഉദുമ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ സുധാകരന്. സംസ്ഥാനത്തൊട്ടാകെ ന്യൂനപക്ഷങ്ങള്‍ ഇടത് മുന്നണിക്കൊപ്പം നിന്നിരുന്നെങ്കിലും ഉദുമയില്‍ അങ്ങനെ കണ്ടില്ലെന്നും ലീഗ് വോട്ട് മറിച്ചുവെന്ന ആക്ഷേപം ശരിയല്ലെന്നും സുധാകരന് പറഞ്ഞു.
ഡി.സി.സി നേതൃയോഗത്തിലാണ് ലീഗിന് പൂര്‍ണ്ണ പിന്തുണ
നല്കി സുധാകരന് സംസാരിച്ചത്. നേരത്തെ സുധാകരന്റെ പരാജയത്തിന് പിന്നില്‍ ലീഗാണെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് ലീഗ് നേതാക്കള്‍ തന്നെ വിഷയത്തില്‍ ഇടപെട്ടിരുന്നു.
ലീഗിന്റെ ഉരുക്കുകോട്ടയായ ചെമ്മനാട്ടാണ് സുധാകരന് കനത്ത ഭൂരിപക്ഷം ലഭിച്ചിരുന്നത്. അതേ സമയം കോണ്‍ഗ്രസിന്റെ തട്ടകങ്ങളില്‍ വോട്ടുകള്‍ പൂര്‍ണ്ണമായും ലഭിച്ചില്ലെന്ന് ലീഗ് നേതൃത്വവും അഭിപ്രായപ്പെട്ടു. സുധാകരന് സ്ഥാനാര്‍ഥിയായി ഉദുമയിലെത്തിയത് മുതല്‍ യു.ഡി.എഫിന്റെ വിജയത്തിനായി ലീഗ് ഒറ്റക്കെട്ടായി നിന്നിരുന്നു.
സുധാകരന്റെ ഗള്‍ഫ് പര്യടനത്തിനും എല്ലാ സഹായങ്ങളും ചെയ്തതും ലീഗായിരുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരസ്പരം കുറ്റപ്പെടുത്തിയുള്ള നിലപാടുകള്‍ ഒഴിവാക്കാനാണ് പൊതുവായ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."