തുറന്നു കൊടുക്കാന്‍ നടപടിയായില്ല;കുംഭാവുരുട്ടി വെള്ളച്ചാട്ടം അടച്ചിട്ട് ആറുമാസം
പത്തനാപുരം: ആറ് മാസമായി സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാതെ കുംഭാവുരുട്ടി വെള്ളച്ചാട്ടം അടച്ചിട്ടിരിക്കുന്നു. അച്ചന്‍കോവില്‍ ചെങ്കോട്ട റോഡില്‍ അച്ചന്‍കോവിലില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ മണലാറിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം.
കേരളത്തെയും തമിഴ്‌നാടിനെയും വേര്‍തിരിക്കുന്ന തൂവല്‍ മലയുടെ ഉച്ചിയില്‍ നിന്നുത്ഭവിച്ചെത്തുന്ന ജലധാര 65 അടി താഴ്ചയിലേയ്ക്ക് പതിക്കുന്ന ജലം പാറ മുകളിലെ കുളത്തില്‍ നിറഞ്ഞ ശേഷം 20 അടി താഴ്ചയിലേക്ക് പതിക്കുന്നു. വേനലിലും ജലസമൃദ്ധമായ ഇവിടെ ഏറെ ആളുകളെത്തുന്നു. എന്നാല്‍ ആറു മാസമായി ഇവിടം സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. മഴവെള്ള പാച്ചിലില്‍ അപകടഭീഷണി സൃഷ്ടിച്ചിരുന്ന വെള്ളച്ചാട്ടം സഞ്ചാരികളെ കടത്തിവിടാന്‍ പാടില്ലെന്ന നിര്‍ദേശം പാലിക്കാതെ വന സംരക്ഷണ സമിതി സഞ്ചാരികളെ കടത്തിവിട്ടിരുന്നു. തുടര്‍ന്ന് ഇവിടെ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചതിന് ശേഷം അടച്ചിട്ട വെള്ളച്ചാട്ടം ഇന്നും തുറന്നിട്ടില്ല. 2002 മുതല്‍ മണലാറും കുംഭാവുരുട്ടിയും അച്ചന്‍കോവില്‍ വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
അച്ചന്‍കോവില്‍ ഫോറസ്റ്റ് ഡിവിഷന്റെ അധീനതയിലുള്ള ഇവിടെ നുറുകണക്കിന് സഞ്ചാരികളാണ് ദിവസവും വന്നിരുന്നത്. ഇതു മൂലം ലക്ഷങ്ങളുടെ വരുമാനവും ലഭിച്ചിരുന്നു.
ജലപാതത്തില്‍ എത്താന്‍ മുതിര്‍ന്നവര്‍ക്ക് 25 രൂപയും 5 മുതല്‍ 15 വയസ് വരെ പ്രായമായവര്‍ക്ക് 10 രൂപയും വാഹനത്തില്‍ എത്തുന്നവര്‍ക്ക് ബസ് 100 രൂപ, മിനി ബസ് ,വാന്‍ 80, കാര്‍, ജീപ്പ് 30 രൂപ, ഓട്ടോ, ബൈക്ക് 20 രൂപ എന്നിങ്ങനെ ചാര്‍ജ് ഈടാക്കിയിരുന്നു. രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെയായിരുന്നു പ്രവേശനം. എന്നാല്‍ ഇന്ന് സഞ്ചാരികളില്ലാതെ വിജനമാണ്. ഇവിടെ ഉണ്ടായിരുന്ന വള്ളികുടിലുകളും വിശ്രമ സങ്കേതങ്ങളും നാശോന്മുഖമാണ്. ജലപാതത്തില്‍ മാര്‍ഗ നിര്‍ദേശം നല്‍കാന്‍ വി.എസ്.എസ് വാച്ചര്‍മാര്‍ ഉണ്ട്.
എന്നാല്‍ ഇവിടെ എത്തുന്ന മദ്യപസംഘങ്ങളാണ് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നത്. കൂറ്റന്‍ മരങ്ങളുടെയും വള്ളിപ്പടര്‍പ്പുകളുടെയും പച്ചപ്പിനിടയിലൂടെ പറക്കെട്ടുകളെ തഴുകി തലോടി നുരഞ്ഞിറങ്ങുന്ന കുംഭാവുരുട്ടി സഞ്ചാരികള്‍ക്ക് ഏറെ ഹൃദ്യമായ അനുഭവം തന്നെയാകും സമ്മാനിക്കുന്നത്. സഞ്ചാരികള്‍ പ്രവേശിക്കത്തക്ക രീതിയില്‍ അപകടരഹിത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പ്രകൃതി ഒരുക്കിയ ഈ വിസ്മയം ഏവര്‍ക്കും കാണാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."