യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; പതിനെട്ടുകാരന് കാഴ്ച നഷ്ടമായി
പൊന്നാനി: പുതുപൊന്നാനിയില്‍ ഇരു പ്രദേശങ്ങളിലെ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളുടെ കണ്ണിനു ഗുരുതര പരുക്ക്. ജീലാനി നഗറിലെ റഹീമി (18)ന്റെ കണ്ണിന്റെ കാഴ്ചയാണ് ചെങ്കോട്ടയിലെ ഒരു വിഭാഗത്തിന്റെ ആക്രമണത്തില്‍ പൂര്‍ണമായും നഷ്ടപ്പെട്ടത്.
മാസങ്ങള്‍ക്കു മുന്‍പു ഫുട്‌ബോള്‍ കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി ചെങ്കോട്ടയിലെ ഒരു സംഘം ആളുകള്‍ ഇയാളെ ആക്രമിക്കുകയായിരുന്നു. റഹീമിന്റെ വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടെന്നും കണ്ണു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയപോലും സാധ്യമാകാത്ത അവസ്ഥയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടും ഒരാളെപ്പോലും പൊലിസ് പിടികൂടിയില്ലെന്നും ആരോപണമുണ്ട്.
പൊലിസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് കൗണ്‍സിലറും നഗരസഭാ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ ഒ.ഒ ശംസുവിന്റെ നേതൃത്വത്തില്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. വെളിയങ്കോട്ടുനിന്നു പൊന്നാനിയിലേക്കു സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു റഹീമിനുനേരെ ആക്രമണമുണ്ടായത്. രണ്ടു ബൈക്കിലായെത്തിയ നാലംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. റഹീം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."