കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍
താമരശ്ശേരി: ക്വാറി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ താമരശേരി രാരോത്ത് വില്ലേജ് ഓഫിസിലെ സ്പെഷല്‍ വില്ലേജ് ഓഫിസറെയും വില്ലേജ് അസിസ്റ്റന്റിനെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.
സ്പെഷല്‍ വില്ലേജ് ഓഫിസറായ മുക്കം കാരശ്ശേരി മല്ലിശ്ശേരിയില്‍ പരവതാനി വീട്ടില്‍ എം ബഷീര്‍ (49), വില്ലേജ് അസിസ്റ്റന്റ് ചാത്തമംഗലം ചൂലൂര്‍ കുറുമ്പ്രത്തൊടികയില് രാകേഷ് കുമാര്‍(38) എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. താമരശ്ശേരി ചുങ്കത്തെ മലബാര്‍ പ്രൊഡ്യൂസേഴ്സ് എന്ന റബ്ബര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മൂന്നു ക്വാറികളില്‍ രണ്ടെണ്ണത്തിന് കൈവശാവകാശവും മറ്റു രേഖകളും ലഭിക്കുന്നതിന് വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് വീണ്ടും ശരിയാക്കി നല്‍കിയിട്ടും രേഖ നല്കാന് സ്പെഷല്‍ വില്ലേജ് ഓഫിസര്‍ തയാറായില്ല.
തുടര്‍ന്ന് താമരശ്ശേരി സ്വദേശികളായ ക്വാറി നടത്തിപ്പുകാര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂലമായ വിധി സമ്പാദിച്ചു. എന്നാല്‍ ഹൈക്കോടതി വിധിയുമായി വന്നിട്ടും പാരിസ്ഥിതികാനുമതിയുടെ രേഖകള്‍ നല്കണമെങ്കില് തങ്ങള്‍ വിചാരിക്കണമെന്ന് പറഞ്ഞ് വില്ലേജ് ഓഫിസര്‍ വീണ്ടും മടക്കി.
കഴിഞ്ഞ ഞായറാഴ്ച വില്ലേജ് ഓഫിസര്‍ ക്വാറി ഉടമയായ ശിവകുമാറിനെ ഫോണില്‍ ബന്ധപ്പെട്ടു. ഒരു ക്വാറിക്ക് അഞ്ചു ലക്ഷം രൂപ വീതം രണ്ടെണ്ണത്തിന് പത്ത്ലക്ഷം നല്‍കണമെന്നും ആദ്യ ഗഡുവായി അന്‍പതിനായിരം രൂപ വേണമെന്നും പണിമുടക്ക് ദിവസം ഓഫിസിലെത്തി പണം കൈമാറണമെന്നും അറിയിച്ചു. ഈ വിവരം ശിവകുമാര്‍ കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യുറോയിലെ ഡിവൈ.എസ്.പി ജി സാബുവിനെ അറിയിച്ചു.വിജിലന്‍സ് നിര്‍ദേശപ്രകാരം ഫിനോഫ്ത്തലിന്‍ പൗഡര്‍ പുരട്ടിയ നോട്ടുകളുമായി ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ വില്ലേജ് ഓഫിസിലെത്തി ശിവകുമാര്‍ പണം ബഷീറിന് കൈമാറി.
ഈ പണം ഓഫിസ് അസിസ്റ്റന്‍ഡ് രാകേഷിന് കൈമാറുകയും ഓഫിസിലെ അലമാരയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തത്സമയമെത്തിയ വിജിലന്‍സ് സംഘം അലമാരയില്‍ നിന്ന് പണം കണ്ടെടുക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജോയിന്റ് കൗണ്‍സില്‍ താമരശേരി താലൂക്ക് സെക്രട്ടറിയാണ് അറസ്റ്റിലായ ബഷീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."