തൊഴില്‍ സ്ഥിരത ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധം: ജില്ല സ്തംഭിച്ചു
കോഴിക്കോട്: തൊഴില്‍ സ്ഥിരത ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ ബി.എം.എസ് ഒഴികെയുള്ള സംസ്ഥാനത്തെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം.
പണിമുടക്ക് അറിയാതെയെത്തിയ ഇതരസംസ്ഥാനക്കാരും റെയില്‍വേ സ്റ്റേഷനുകളിലിറങ്ങിയ ദീര്‍ഘദൂര യാത്രക്കാരും വാഹനം ലഭിക്കാതെ ബുദ്ധിമുട്ടി. കടകളും മറ്റു വ്യവസായ സ്ഥാപനങ്ങളും അടഞ്ഞുകിടന്നത് ഹര്‍ത്താല്‍ പ്രതീതിയുണര്‍ത്തി.
രാവിലെ മുതല്‍ പൊലിസ് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ചെറിയ ദൂരങ്ങളിലേക്ക് സഞ്ചരിക്കേണ്ടവര്‍ക്ക് സഹായകമായി. മൂന്നു പൊലിസ് ബസുകള്‍ നഗരത്തില്‍ സര്‍വിസ് നടത്തി. സ്വകാര്യ വാഹനങ്ങളുമായി എത്തിയവരോട് മറ്റു യാത്രക്കാരെ കയറ്റാനും പൊലിസ് നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജിലേക്കും മറ്റു സ്വകാര്യ ആശുപത്രികളിലേക്കും പോകാനായെത്തിയവര്‍ക്ക് ഇത് ഏറെ സഹായകമായി.
സ്വകാര്യ വാഹനങ്ങളും കാര്യമായി നിരത്തിലിറങ്ങിയില്ല. വിവാഹത്തിനും എയര്‍പോര്‍ട്ടിലേക്കുമായി പോയ വാഹനങ്ങള്‍ പ്രത്യേക ബോര്‍ഡ് വച്ചാണ് ഓടിയത്. ഹോട്ടലുകള്‍ അടഞ്ഞുകിടന്നതിനാല്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഭക്ഷണ, കുടിവെള്ള വിതരണം നടന്നു.
പണിമുടക്കിയ പതിനൊന്നോളം തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ മുതലക്കുളത്ത് പ്രകടനം നടത്തി.
പുതിയ തൊഴില്‍ നയത്തില്‍ പ്രതിഷേധിച്ച് ശിവസേനയുടെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതും ശ്രദ്ധേയമായി.
തിരുവമ്പാടിയില്‍ പണിമുടക്കിന്റെ ഭാഗമായി തിരുവമ്പാടി എസ്റ്റേറ്റില്‍ തൊഴിലാളികള്‍ പ്രകടനം നടത്തി.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഐ.എന്‍.എല്‍.സി യൂനിയനുകള്‍ പങ്കെടുത്തു. എം.പി രാമകൃഷ്ണന്‍, കെ. റഫീഖ്, ഷുക്കൂര്‍ നേതൃത്വം നല്‍കി.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉച്ച ഭക്ഷണം വിതരണം ചെയ്തു.
ഫറോക്ക് മുക്കോണം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 1500ഓളം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തത്. സംസ്ഥാന കമ്മിറ്റിയംഗം ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.കെ അബ്ദുല്‍ റഹിം, കുഴിപ്പള്ളി ഡാഡേഷ്, പി. നിഖില്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."