കണ്ണൂര്‍ വിമാനത്താവളം: ലൈറ്റ് അപ്രോച്ചിനായി സ്ഥലം ഏറ്റെടുക്കല്‍ നീളുന്നു
ലൈറ്റ് അപ്രോച്ചിനായി സ്ഥലം ഏറ്റെടുക്കല്‍ നീളുന്നു
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലൈറ്റ് അപ്രോച്ച് സ്ഥാപിക്കുന്നതിനു വിട്ടുനല്‍കിയ വീടും സ്ഥലത്തിന്റെയും രജിസ്ട്രേഷന് നടപടികള്‍ ഉടന്‍ നടത്തണമെന്ന പ്രഖ്യാപനം നീളുന്നു. ലൈറ്റ് അപ്രോച്ച് സ്ഥാപിക്കാന്‍ കല്ലേരിക്കര പാറാപ്പൊയില്‍ മേഖലയില്‍ നിന്നു 11 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാന്‍ കിയാല്‍ തീരുമാനിച്ചത്. സ്ഥലം എറ്റെടുക്കുമ്പോള്‍ 56 വീട്ടുകാരെയാണ് കുടിയൊഴിപ്പിക്കുന്നത്. ഇവര്‍ക്കുള്ള നഷ്ടപരിഹാരം മാസങ്ങള്‍ക്ക് മുമ്പ് കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിശ്ചയിച്ചിരുന്നു. ഇതേ തുടര്‍ന്നു വീട്ടുകാര്‍ സ്ഥലത്തിന്റെ രേഖകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു അധികൃതര്‍ക്ക് കൈമാറിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥലം ഏറ്റെടുക്കാതെ വന്നതോടെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ജനുവരി 20ന് കുടിയിറക്ക് വിരുദ്ധ കര്‍മസമിതിയുടെ നേതൃത്വത്തില്‍ പാറാപൊയിലില് പ്രവൃത്തി നടക്കുന്ന സ്ഥലത്ത് ഉപരോധം നടത്തിയപ്പോള്‍ കിയാല്‍ എം.ഡി നേരിട്ടെത്തി സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ കഴിഞ്ഞ മാസം അവസാനത്തോടെ ഭൂമി ഏറ്റെടുത്ത് പണം നന്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മാസം രണ്ടു കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ആവശ്യമുള്ള ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ക്രിന്ഫ്രയെ ഏല്പിച്ചിരിക്കുകയാണ്. ഇതും എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തിന് തീരുമാനമായിട്ടില്ല. ഇതിനു പുറമെ പുതുതായി നിരവധി പേര് സ്ഥലം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് ഇറങ്ങിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."