കീഴാറ്റൂര്‍ കാവി പുതക്കുന്നു
തളിപ്പറമ്പ്: സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കീഴാറ്റൂര്‍ സമരത്തിന്റെ നിറംമാറുന്നു. വയല്‍ക്കിളികളുടെ പ്രതിഷേധവും സമരപ്പന്തല്‍ കത്തിക്കലുമായി ഭരണകൂടത്തെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സമരമാണ് നിറം മാറി കാവി അണിയുന്നത്. കഴിഞ്ഞ ദിവസമാണ് സമരം തങ്ങള്‍ ഏറ്റെടുക്കുകയാണെന്ന് ബി.ജെ.പി നേതൃത്വം പ്രഖ്യാപിച്ചത്.
സമരമേറ്റെടുക്കലിന്റെ ഭാഗമായി കീഴടങ്ങില്ല കീഴാറ്റൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ബി.ജെ.പി നടത്തിയ റാലി നന്ദിഗ്രാം സമര പോരാളിയും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ സിന്‍ഹ ഉദ്ഘാടനം ചെയ്തു.
ബംഗാളില്‍ സി.പി.എമ്മിനെ തകര്‍ത്തത് നന്ദിഗ്രാം ആണെങ്കില്‍ കേരളത്തില്‍ കീഴാറ്റൂരില്‍നിന്ന് സി.പി.എമ്മിന്റെ തകര്‍ച്ച ആരംഭിക്കുകയാണെന്ന് രാഹുല്‍ സിന്‍ഹ പറഞ്ഞു.
കീഴാറ്റൂരില്‍നിന്ന് കണ്ണൂരിലേക്കാണ് ബി.ജെ.പി കര്‍ഷക രക്ഷാ മാര്‍ച്ച് സംഘടിപ്പിച്ചത്. നന്ദിഗ്രാമിന്റെ ശാപമാണ് ബുദ്ധദേവ് ഭരണം അവസാനിപ്പിച്ചതെങ്കില്‍ കീഴാറ്റൂരിലെ കര്‍ഷകരുടെ ശാപമാണു പിണറായിയുടെ ഭരണം അവസാനിപ്പിക്കുക. ബംഗാളില്‍ സി.പി.എമ്മിനെ ഇല്ലാതാക്കിയ സമരം നടന്ന അതേ മണ്ണുമായാണ് താന്‍ കീഴാറ്റൂരില്‍ നില്‍ക്കുന്നത്. വയല്‍ക്കിളികളോടു നന്ദി പറയുകയാണ്. അവര്‍ പഴയ സി.പി.എം പ്രവര്‍ത്തകരാണ്. സി.പി.എമ്മുകാര്‍ തന്നെ സി.പി.എമ്മിനെ ഇല്ലാതാക്കാന്‍ രംഗത്തെത്തിയത് സ്വാഗതാര്‍ഹമാണ്. അമിത് ഷായുടെയും മോദിയുടെയും പിന്തുണയോടെ സമരം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജാഥാ നായകനായ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസിനെ കീഴാറ്റൂര്‍ സമരനായിക നമ്പ്രാടത്ത് ജാനകി തൊപ്പിയണിയിച്ചു. കീഴാറ്റൂര്‍ ബൈപാസ് വിരുദ്ധ സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി.കെ സത്യപ്രകാശ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍, സംവിധായകന്‍ അലി അക്ബര്‍ സംസാരിച്ചു.
നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് കീഴാറ്റൂരില്‍ നിന്നാരംഭിച്ച് തളിപ്പറമ്പ് ഹൈവേ വഴി രാത്രി കണ്ണൂരില്‍ സമാപിച്ചു.
സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ള വയല്‍ക്കിളി പ്രവര്‍ത്തകര്‍ ബി.ജെ.പി മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ സജീവമായി പങ്കെടുത്തുവെങ്കിലും മാര്‍ച്ചിനൊപ്പം നടക്കാന്‍ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."