ആരോഗ്യ ഇന്‍ഷുറന്‍സ്: മെഡി. കോളജില്‍ മൂന്നു കൗണ്ടര്‍കൂടി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും: ആശ്വാസം, വരിനിന്ന് വിയര്‍ക്കേണ്ട!
ചേവായൂര്‍: ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആനുകൂല്യത്തിനായി പ്രയാസം നേരിടുന്ന രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു കൗണ്ടറുകള്‍കൂടി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
ചികിത്സയില്‍ കഴിയുന്ന രോഗികള്‍ ആനുകൂല്യത്തിനായി അനുഭവിക്കുന്ന ദുരിതം സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൂപ്പര്‍ സ്‌പെഷാലിറ്റിയിലാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ മൂന്നു കൗണ്ടറുകള്‍ ആരംഭിക്കുന്നത്. ഈ സൗകര്യം വരുന്നതോടെ പ്രധാന ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറുകളിലെ തിരക്കിന് വലിയതോതില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
നിലവില്‍ സൂപ്പര്‍ സ്‌പെഷാലിറ്റിയിലും മാതൃശിശു കേന്ദ്രത്തിലുമുള്ള രോഗികള്‍ ആനുകൂല്യത്തിനായി പ്രധാന ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. ഇതു കാരണം വന്‍ തിരക്ക് ഇവിടെ അനുഭവപ്പെടുന്നുണ്ട്. കിടത്തി ചികിത്സയ്ക്ക് വിധേയമാകുന്ന രോഗി ഇന്‍ഷുറന്‍സ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്യാന്‍ ടോക്കണ്‍ നമ്പര്‍ എടുത്ത് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. വാര്‍ഡുകളില്‍നിന്ന് ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന മരുന്ന് ലഭിക്കാന്‍ വീണ്ടും ടോക്കണ്‍ നമ്പര്‍ എടുത്ത് കുറിപ്പടിയില്‍ സീല്‍ വച്ചുകിട്ടാന്‍ നീണ്ട കാത്തിരിപ്പ് ആവശ്യമാണ്.
മരുന്നിനു വേണ്ടി നീതി മെഡിക്കല്‍ സ്റ്റോറിന് മുന്നിലെ നീണ്ട വരിയിലും ഊഴം കാത്ത് വീണ്ടും നില്‍ക്കണം. ഈ ദുരിതം സഹിക്കാനാകാത്തതിനാല്‍ പലരും ആനുകൂല്യത്തിനു കാത്തുനില്‍ക്കാതെ പണം കണ്ടെത്തി പുറത്തെ കടയില്‍നിന്ന് മരുന്ന് വാങ്ങുന്ന കാഴ്ച പതിവാണ്. ഡിസ്ചാര്‍ജായ രോഗിക്ക് തന്റെ ഇന്‍ഷുറന്‍സ് കാര്‍ഡ് തിരിച്ചുകിട്ടാന്‍ ഒരു ദിവസം കൂടി ആശുപത്രിയിലും പരിസരത്തുമായി തങ്ങേണ്ട സ്ഥിതിയുമുണ്ട്. മൂന്ന് ആശുപത്രികളിലെയും രോഗികള്‍ ഒരു കൗണ്ടറിനെ മാത്രം ആശ്രയിക്കുന്നതിനാലാണ് രോഗികള്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇതു മനസിലാക്കിയാണ് ഇപ്പോള്‍ സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ മൂന്നു കൗണ്ടര്‍ അനുവദിച്ചതും ആവശ്യമായ ജീവനക്കാരെ നിയമിച്ചതും. ഇതേ മാതൃകയില്‍ ഐ.എം.സി.എച്ചിലും ഇന്‍ഷുറന്‍സ് കൗണ്ടര്‍ സ്ഥാപിച്ചാല്‍ തിരക്ക് ഇനിയും കുറയ്ക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."