ബാലറ്റ് തട്ടിപ്പറിച്ച സംഭവം: മാറ്റിവച്ച മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 12ന്
നിലമ്പൂര്‍: ബാലറ്റ് തട്ടിപ്പറിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കാരണം മാറ്റിവച്ച മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 12നു രാവിലെ 11നു നടക്കും.
വോട്ടെടുപ്പിനു പകരം നറുക്കെടുപ്പായിരിക്കും നടക്കുക. ലീഗിലെ കണ്ണിയന്‍ റുഖിയ്യ രാജിവച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ 26ന് പ്രസിഡന്റ് സ്ഥാനത്തേക്കു വോട്ടെടുപ്പ് നടത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ലീഗിലെ കാഞ്ഞിരാല ശമീനയും എല്‍.ഡി.എഫിനായി ഷിഫ്ന നജീബുമാണ് മത്സരിച്ചത്. എന്നാല്‍, ഷിഫ്നയുടെ പേരു തെറ്റായാണ് നാമനിര്‍ദേശപത്രികയില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതുസംബന്ധിച്ച് യു.ഡി.എഫ് നേതാക്കള്‍ പരാതിപ്പെട്ടെങ്കിലും വരണാധികാരി അംഗീകരിച്ചില്ല.
യു.ഡി.എഫിലെ ഒരു വോട്ട് അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പെന്നു വരണാധികാരി അറിയിച്ചതോടെ സംഘര്‍ഷാവസ്ഥയിലെത്തി. യു.ഡി.എഫ്-എല്‍.ഡി.എഫ് വാക്കേറ്റത്തിനിടെ ബാലറ്റ് പേപ്പര്‍ ചിലര്‍ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. വിഷയത്തില്‍ രണ്ട് യു.ഡി.എഫ് അംഗങ്ങള്‍ക്കെതിരേ നിലമ്പൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നേടി.
വരണാധികാരി സി.പി.എമ്മിനു വേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചും ഷിഫ്നയുടെ നാമനിര്‍ദേശ പത്രിക ചട്ടംലംഘിച്ചു സ്വീകരിച്ചതിനെതിരേയും ഹൈക്കോടതിയെ സമീപിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."