ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ചരിത്രനേട്ടം
മലപ്പുറം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ 2017-18 വര്‍ഷത്തെ വസ്തു നികുതി പിരിവില്‍ 94.64 ശതമാനം തുക പിരിച്ചെടുത്തു സംസ്ഥാനത്ത് ഒന്നാമതായി. സംസ്ഥാന ശരാശരി 82.81 ശതമാനമാണെന്നിരിക്കേയാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ ഈ നേട്ടം കൈവരിച്ചത്. ജില്ലയിലെ കെട്ടിട നികുതി (വസ്തു നികുതി) യിനത്തില്‍ പിരിച്ചെടുക്കേണ്ട 65.27 കോടി രൂപയില്‍ 61.77 കോടി രൂപയാണ് ഗ്രാമപഞ്ചായത്തുകള്‍ പിരിച്ചെടുത്തത്.
കൂടാതെ ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ 63 ഗ്രാമപഞ്ചായത്തുകള്‍ 100 ശതമാനം തുക പിരിച്ചെടുത്തു. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകള്‍ 95 ശതമാനത്തിലധികം നികുതി പിരിവ് നടത്തിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ജില്ല നികുതി പിരിവില്‍ ഈ നേട്ടം കൈവരിക്കുന്നത്. ജില്ലയിലെ ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, ഭരണസമിതി അംഗങ്ങള്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം, പഞ്ചായത്ത് വകുപ്പ് എന്നിവരുടെ പൂര്‍ണ പിന്തുണയുടെയും ഫലമാണ് ഈ നേട്ടം.
അവധി ദിവസങ്ങളില്‍പോലും തുറന്നു പ്രവര്‍ത്തിച്ചാണ് പഞ്ചായത്തുകള്‍ നികുതി പിരിവ് നടത്തിയിരുന്നത്. കുടിശ്ശിക തുക ഏപ്രില്‍ 30നകം പിരിച്ചെടുക്കുന്നതിനു പഞ്ചായത്തുകള്‍ തയാറെടുപ്പ് തുടങ്ങി. ഇതിനു സഹകരിക്കാത്തവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നു സെക്രട്ടറിമാര്‍ക്കു നിര്‍ദേശം നല്‍കി.
അതേസമയം, 2017-18 വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ 92.32 ശതമാനം തുക ചെലവഴിച്ചു ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ സംസ്ഥാനത്തു നാലാമതായി. സംസ്ഥാന ശരാശരി 90.12 ശതമാനമാണ്. ചരക്കു സേവന നികുതി നടപ്പാക്കിയതു മൂലമുണ്ടായ അനിശ്ചിതത്വവും രണ്ടു ഉപതെരഞ്ഞെടുപ്പുകളോടനുബന്ധിച്ചുണ്ടായ പെരുമാറ്റച്ചട്ടവുമെല്ലാം മറികടന്നാണ് ഈ നേട്ടം. അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പുതന്നെ ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളുടെ 15,623 പദ്ധതികള്‍ അംഗീകാരത്തിനായി ജില്ലാ ആസൂത്രണ സമിതിക്കു സമര്‍പ്പിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."