കിരാലൂര്‍ എല്‍.പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി
എരുമപ്പെട്ടി: അടച്ചുപൂട്ടിയ വേലൂര്‍ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്‌കൂള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വേലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി. ഇന്നലെ ഉച്ചക്ക് 2ന് നടന്ന പഞ്ചായത്ത് ഭരണ സമിതി അടിയന്തിര യോഗത്തിലാണ് കിരാലൂര്‍ സ്‌കൂള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന പ്രമേയം പഞ്ചായത്ത് ഭരണ സമിതി ഐക്യകണ്‌ഠേന പാസാക്കിയത്.
മെയ് 30ന് ഹൈക്കോടതി ഉത്തരവ് പ്രകാരം വടക്കാഞ്ചേരി എ.ഇ.ഒയുടെ നേതൃത്വത്തില്‍ കിരാലൂര്‍ സ്‌കൂള്‍ അടച്ചു പൂട്ടി സീല്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സ്‌കൂളിലെ 41 വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസം സ്‌കൂള്‍ സംരക്ഷണ സമിതിയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ സമീപത്തുള്ള വേലൂര്‍ ഗ്രാമീണ വായനശാലയിലാണ് നടത്തി വരുന്നത്.
സ്‌കൂളില്‍ പഠനം നടത്തുന്നവരില്‍ ഭൂരിഭാഗവും സമീപത്തുള്ള 4 ഹരിജന്‍ കോളനികളില്‍ നിന്നുള്ള കുട്ടികളാണ്. നാട്ടിലെ പാവപ്പെട്ടവരുടെ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.കെ ശ്യാംകുമാര്‍ പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ്കുമാര്‍ അധ്യക്ഷയായി. യോഗത്തില്‍ ഭരണ സമിതിയിലെ മുതിര്‍ന്ന അംഗം എ.എസ് ചന്ദ്രന്‍ പ്രമേയത്തെ പിന്താങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."