സെമിയിലേക്കടുത്ത് റയല്‍, ബയേണ്‍
യുവന്റസ് 0-3 റയല്‍ മാഡ്രിഡ്
സെവിയ്യ 1-2 ബയേണ്‍ മ്യൂണിക്ക്
മിലാന്‍: ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകത്തെ വീണ്ടും അമ്പരപ്പിച്ച പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ ആവര്‍ത്തിച്ച യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യപാദ പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യുവന്റസിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് റയല്‍ മാഡ്രിഡ് സെമി സാധ്യത സജീവമാക്കി. മറ്റൊരു മത്സരത്തില്‍ സ്പാനിഷ് കരുത്തരായ സെവിയ്യയെ 1-2ന് കീഴടക്കി മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും ആദ്യപാദത്തിലെ എവേ പോരാട്ടം വിജയിച്ച് സെമിയിലേക്ക് കൂടുതല്‍ അടുത്തു.
വിസ്മയ ഗോളടക്കം ഇരട്ട ഗോളുകളുമായാണ് ക്രിസ്റ്റ്യാനോ യുവന്റസിന്റെ അന്തകനായത്. ശേഷിച്ച ഒരു ഗോള്‍ മാഴ്‌സലോ നേടിയപ്പോള്‍ ഈ ഗോളിനുള്ള അവസരമൊരുക്കിയതും ക്രിസ്റ്റ്യാനോ. ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി പത്ത് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് ക്രിസ്റ്റ്യാനോ തന്റെ ഇരട്ട ഗോള്‍ ആഘോഷിച്ചത്. സ്വന്തം തട്ടകത്തില്‍ നവംബറിന് ശേഷം ആദ്യമായാണ് യുവന്റസ് തോല്‍വി വഴങ്ങുന്നത്. 1962ല്‍ റയലിനോട് സ്വന്തം തട്ടകത്തില്‍ പരാജയപ്പെട്ട ശേഷം ഇതാദ്യമായാണ് നിലവിലെ ചാംപ്യന്‍മാര്‍ക്കെതിരേ ഹോം ഗ്രൗണ്ടില്‍ യുവന്റസ് തോല്‍വി വഴങ്ങുന്നത്.
സ്വന്തം തട്ടകത്തില്‍ തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു യുവന്റസിന്. മത്സരത്തില്‍ പോളോ ഡിബാലയ്ക്ക് രണ്ട് മഞ്ഞ കാര്‍ഡ് കണ്ട് ചുവപ്പ് കാര്‍ഡുമായി കളം വിടേണ്ടി വന്നതോടെ അവസാന ഘട്ടങ്ങളില്‍ അവര്‍ക്ക് പത്ത് പേരുമായി കളിക്കേണ്ടി വന്നു. മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടില്‍ തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ റയല്‍ ലീഡെടുത്തു. പിന്നീട് ഇരുപക്ഷവും ഗോള്‍ നേടാതെ കളി തുടര്‍ന്നു. പന്തടക്കത്തിലും ആക്രമണത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. രണ്ടാം പകുതി തുടങ്ങി 64ാം മിനുട്ടിലാണ് ബൈസിക്കിള്‍ കിക്കിലൂടെ ക്രിസ്റ്റ്യാനോ തന്റെ രണ്ടാം ഗോളും ടീമിന്റെ ലീഡും ഉയര്‍ത്തിയത്. പിന്നീട് 72ാം മിനുട്ടില്‍ മാഴ്‌സലോ പട്ടിക തികച്ചു. ഈ മാസം 12ന് നടക്കുന്ന രണ്ടാംപാദ ക്വാര്‍ട്ടറില്‍ യുവന്റസ് എവേ മത്സരത്തിനിറങ്ങുമ്പോള്‍ അവരെ കാത്തിരിക്കുന്നത് വലിയ കടമ്പയാണ്. മൂന്ന് ഗോളിന്റെ കടം തീര്‍ത്ത് വിജയിക്കുക ഏറെക്കുറെ അസാധ്യമായതിനാല്‍ റയല്‍ സെമി ഏതാണ്ടുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാകും സ്വന്തം തട്ടകത്തില്‍ രണ്ടാംപാദത്തിനിറങ്ങുക.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സെവിയ്യക്കെതിരേ ബയേണ്‍ മ്യൂണിക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്. ബയേണ്‍ പ്രതിരോധം പാളിയ ഘട്ടം മുതലെടുത്തു കളിയുടെ 32ാം മിനുട്ടില്‍ പാബ്ലോ സരബിയയാണ് സെവിയ്യക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ 37ാം മിനുട്ടില്‍ ഫ്രാങ്ക് റിബറിയുടെ ഗോള്‍ ലക്ഷ്യം വച്ചുള്ള ഷോട്ട് തടുക്കാന്‍ ശ്രമിച്ച ജീസസ് നവാസിന് പിഴച്ചപ്പോള്‍ അഞ്ച് മിനുട്ടിനുള്ളില്‍ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ബയേണിന് സമനിലയൊരുക്കി. പിന്നീട് രണ്ടാം പകുതി തുടങ്ങി 68ാം മിനുട്ടില്‍ തിയാഗോ അല്‍ക്കന്താരയിലൂടെ ബയേണ്‍ രണ്ടാം എവേ ഗോളിലൂടെ സെമിയിലേക്കുള്ള ദൂരം കുറച്ചു. ഈ മാസം 12ന് സ്വന്തം തട്ടകത്തില്‍ അരങ്ങേറുന്ന രണ്ടാംപാദ പോരാട്ടത്തില്‍ ബയേണിന് വേവലാതി ഇല്ലാതെ ഇറങ്ങാനുള്ള അവസരവും ഒരുങ്ങി.
ക്രിസ്റ്റ്യാനോ തീര്‍ത്ത ചാക്രിക വിസ്മയം
മിലാന്‍: വെയ്ന്‍ റൂണി, സ്ലാട്ടന്‍ ഇബ്രാഹിമോവിച്, അന്റോയിന്‍ ഗ്രിസ്മാന്‍... നമ്മുടെ സ്വന്തം ഐ.എം വിജയന്‍ 1994ല്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ സിസ്സേഴ്‌സ് കപ്പ് ഫൈനലില്‍ മലേഷ്യന്‍ ക്ലബ് പെര്‍ലീസിനെതിരേ ജെ.സി.ടിക്ക് വേണ്ടി നേടിയ ഗോള്‍... ഒറ്റ നിമിഷാര്‍ധത്തില്‍ സംഭവിക്കുന്ന ബൈസിക്കിള്‍ കിക്ക് ഗോളുകളുടെ പട്ടികയിലെ ശ്രദ്ധേയ പേരുകള്‍.
ആ കൂട്ടത്തിലേക്കാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടൂറിനിലെ സ്റ്റേഡിയത്തില്‍ യുവന്റസിനെതിരേ നേടിയ ഗോളും ഇടംപിടിച്ചത്. മത്സരത്തില്‍ 64ാം മിനുട്ടില്‍ ഡാനി കാര്‍വജല്‍ ബോക്‌സില്‍ വച്ച് ഉയര്‍ത്തിക്കൊടുത്ത പന്തിനെ മനോഹരമായി ബൈസിക്കിള്‍ കിക്കിലൂടെ ക്രിസ്റ്റ്യാനോ വലയിലാക്കുമ്പോള്‍ വെറ്ററന്‍ ഗോള്‍ കീപ്പര്‍ ഇതിഹാസം ബുഫണ്‍ ഒന്നനങ്ങാന്‍ പോലും കഴിയാതെ നിന്നുപോയി.
ബൈസിക്കിള്‍ കിക്ക് നേടിയ താരത്തിന്റെ പ്രകടനം എതിര്‍ ടീം ഫാന്‍സിനെ പോലും പുളകം കൊള്ളിച്ചു. യുവന്റസിനായി കൈയടിക്കാന്‍ നിറഞ്ഞ ഗാലറി മുഴുവന്‍ ക്രിസ്റ്റ്യാനോയുടെ മാസ്മരിക ഗോളിനോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ എഴുന്നേറ്റുനിന്നു കൈയടിച്ചു. മൈതാനത്ത് നിന്ന് ക്രിസ്റ്റ്യാനോയും തിരിച്ച് അഭിവാദ്യം നല്‍കി.
ഈ രംഗങ്ങളെല്ലാം കണ്ട് റയല്‍ കോച്ച് സിനദിന്‍ സിദാന്റെ അമ്പരന്നുള്ള ഭാവങ്ങളും ലോകം ശ്രദ്ധയോടെ കണ്ടു. 33ാം വയസിലും ഇത്തരമൊരു ഗോള്‍ നേടാനുള്ള കായിക ക്ഷമത സൂക്ഷിക്കുന്ന ക്രിസ്റ്റ്യാനോയുടെ ആത്മാര്‍പ്പണം മറ്റ് താരങ്ങള്‍ക്ക് മാതൃകയാണെന്ന അഭിപ്രായം പല ഫുട്‌ബോള്‍ വിദഗ്ധരും പങ്കുവയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."