പ്രമോദ് വധം: ശിക്ഷിക്കപ്പെട്ടവരില്‍ അച്ഛനും മകനും അഭിഭാഷകനും
സജീവന്‍ വടക്കുമ്പാട്
തലശ്ശേരി: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂത്തുപറമ്പ് മൂര്യാട്ടെ കുമ്പളപ്രവന്‍ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ അച്ഛനും മകനും. മറ്റ് രണ്ടു പ്രതികള്‍ സഹോദരങ്ങളുമാണ്. കേസിലെ നാലാം പ്രതി മൂര്യാട്ടെ പാറക്കാട്ടില്‍ അണ്ണേരി പവിത്രന്‍(58) ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ടപ്പോള്‍ പവിത്രന്റെ മകന്‍ എട്ടാം പ്രതിയായ അണ്ണേരി വിപിനും(31) ഇതേ ശിക്ഷതന്നെ ഏറ്റുവാങ്ങി. ഒരു വീട്ടില്‍ നിന്ന് ഒരു കൊലക്കേസില്‍ രണ്ടുപേര്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ മറ്റൊരു കുടുംബത്തില്‍ സഹോദരങ്ങളും ഇതേ കേസില്‍ ജീവപര്യന്തം കഠിന തടവ് ഏറ്റുവാങ്ങി. കേസിലെ അഞ്ചാം പ്രതി പാട്ടക്ക ദിനേശന്‍(50), സഹോദരനും ഒമ്പതാം പ്രതിയുമായ സുരേഷ് ബാബു പാട്ടക്ക എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. സുരേഷ്ബാബു ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനാണ്.
കേസില്‍ ഒരു അഭിഭാഷകനും ശിക്ഷ ഏറ്റുവാങ്ങി. ആറാം പ്രതിയായ കുട്ടിമാക്കലില്‍ വീട്ടില്‍ കളത്തുംകണ്ടി ധനേഷ്(32) കൂത്തുപറമ്പ് കോടതിയിലെ അഭിഭാഷകനാണ്. സംഭവത്തിന് ശേഷം 11 വര്‍ഷത്തിന് ശേഷമാണ് വിചാരണ നടപടി പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിച്ചത്. വിചാരണ പൂര്‍ത്തിയായിട്ടും വിധി പ്രഖ്യാപനത്തിനിടെ എട്ടുതവണ കേസ് മാറ്റിവച്ചിരുന്നു. ഇന്നലെ രാവിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഉച്ചക്കു ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്. സംഭവസമയം കണ്ണവം എസ്.ഐയായിരുന്ന കെ.വി പ്രമോദിന്റെ പരാതി പ്രകാരമായിരുന്നു പൊലിസ് പ്രഥമവിവര റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്.
പ്രമോദ് കൊല്ലപ്പെടുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ പ്രകാശന്‍, മുരിക്കളി രമേശന്‍, ബിനോയ് എന്ന ഉപ്പാച്ചി എന്നിവരാണ് കേസിലെ ദൃക്‌സാക്ഷികള്‍. ഇവരുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത.് സംഭവ സമയം കൂത്തുപറമ്പ് സി.ഐയായിരുന്ന ശശികുമാറാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
ഇന്നലെ വിധി പ്രഖ്യാപനം കേള്‍ക്കാന്‍ കൂത്തുപറമ്പിലെ പ്രാദേശിക സി.പി.എം നേതാക്കളും പ്രതികളുടെ ബന്ധുക്കളും സി.പി.എം പ്രവര്‍ത്തകരും കോടതി വളപ്പിലെത്തിയിരുന്നു. കേസില്‍ ആദ്യം പ്രതിസ്ഥാനുത്തുണ്ടായിരുന്ന ചിലരെ ഒഴിവാക്കിയ കോടതി പിന്നീട് ചിലരെ പ്രതിപട്ടികയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇവരെല്ലാം ശിക്ഷിക്കപ്പെട്ടുവെന്നതാണ് കേസിന്റെ മറ്റൊരു സവിശേഷത. ഇന്നലെ വൈകുന്നേരത്തോടെ 10 പ്രതികളെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."