ന്യൂജന്‍ സമരരീതികളുടെ മാന്യത?
അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങള്‍ക്ക് എന്നും സ്വാഗതമരുളിയ നാടാണ് കേരളം. അതുകൊണ്ട് തന്നെ കേരളത്തിലെ സമരങ്ങള്‍ക്ക് ചരിത്രത്തോളം പഴക്കമുണ്ട്. ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ശാസനകള്‍ക്കെതിരെയും ഭരണവര്‍ഗത്തിന്റെ അവകാശ നിഷേധങ്ങള്‍ക്കെതിരെയും നീണ്ട സമരം നടത്തിയ നാടാണ് കേരളം. സമര നേതാക്കളെ പിന്തുണക്കാനും അവരുടെ വിളിപ്പുറത്ത് അണിനിരക്കാനും എല്ലാ കാലത്തും കേരളത്തില്‍ ആളുകളുണ്ടായിട്ടുമുണ്ട്. പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ നാടാര്‍ സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ മാറുമറക്കുന്നത് സംബന്ധിച്ച് തെക്കന്‍ തിരുവിതാം കൂറില്‍ പൊട്ടിപ്പുറപ്പെട്ട ചാന്നാര്‍ ലഹള ഏതാണ്ട് മൂന്ന് പതിറ്റാണ്ട് തെക്കന്‍ തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കിയത് കേരളത്തില്‍ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരമാണ്. എന്നാല്‍, കുറച്ചുകാലങ്ങളിലായി കേരളത്തില്‍ നിന്ന് കേട്ടുവരുന്ന സമരരീതികളില്‍ മുഴുക്കെ സംസ്‌കാര ശൂന്യത നിറഞ്ഞുനില്‍ക്കുന്നുവെന്ന് പറയാതെ വയ്യ.
സദാചാര പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേരളത്തില്‍ തുടക്കം കുറിച്ച് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സമര രീതിയായിരുന്നല്ലോ ചുംബന സമരം. 'ഞങ്ങളുടെ സ്വതന്ത്രചിന്താസ്വതന്ത്രത്തിനെതിരെ സദാചാര പോലിസ് വിലങ്ങു തടിയാവുന്നു' എന്ന് പറഞ്ഞ് കേരളത്തിലെ യുവത്വം 2014 നവംബര്‍ 2ന് കൊച്ചി മറൈന്‍ ഗ്രൗണ്ടില്‍ പരസ്യമായി ചുംബിച്ചു പ്രതിഷേധിച്ച രീതിയിലെ സാംസ്‌കാരിക തലം കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്.
മത പ്രമാണങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന വസ്ത്രധാരണ രീതികളെ കുറിച്ച് മതപരമായി സംഘടിപ്പിക്കപ്പെട്ട വേദിയില്‍ വച്ച് പ്രസംഗിച്ച ഫാറൂഖ് കോളജിലെ അധ്യാപകന്റെ വത്തക്ക പരാമര്‍ശത്തിനെതിരേ കാംപസ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ പ്രതിഷേധരീതി തീര്‍ത്തും അറപ്പുളവാക്കുന്നതായിരുന്നു. അകാരണമായി അധ്യാപകന്മാരെ തടഞ്ഞുനിര്‍ത്താനും തെറിഅഭിഷേകം നടത്താനും കൊച്ചു സമര നേതാക്കന്‍മാര്‍ക്ക് മടിയില്ല.ഇത്തരം മ്ലേച്ചമായ സമരമുഖത്തിന്റെ ഒടുവിലത്തെ ഉദാഹരമാണ് കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ കണ്ടത്. 33 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്നു വിരമിക്കുന്ന അധ്യാപികയെ സ്‌നേഹത്തോടെ യാത്രയാക്കുന്നതിനു പകരം ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റര്‍ ഒട്ടിച്ച പ്രവര്‍ത്തനത്തില്‍ എവിടെയാണ് സാക്ഷര കേരളം നന്മ തിരയേണ്ടത്? എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച് സമരം ചെയ്ത രീതിയും ഇതിനോട് ചെര്‍ത്തു വായിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ സമര രീതികളിലെല്ലാം ജനാധിപത്യ ബോധവും സംസ്‌കാരിക തനിമയും തിരികെ കൊണ്ടുവരേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."