ഡിജിറ്റല്‍ കറന്‍സികളുടെ സാധ്യത പരിശോധിക്കാന്‍ ആര്‍.ബി.ഐ
ന്യൂഡല്‍ഹി: ബിറ്റ് കോയിന്‍ ഇടപാടുകള്‍ സംബന്ധിച്ച വാര്‍ത്തകളും ആശങ്കകളും നിലനില്‍ക്കെ ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍ പരിശോധിക്കാന്‍ ആര്‍.ബി.ഐ ഒരുങ്ങുന്നു. കഴിഞ്ഞ രണ്ടുദിവസമായി നടന്ന പണനയം സംബന്ധിച്ച യോഗത്തിലാണ് ഡിജിറ്റല്‍ കറന്‍സിയെ കുറിച്ച് ചര്‍ച്ച നടന്നത്.
വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ളവരെ ചേര്‍ത്ത് പ്രത്യേക സംഘം രൂപീകരിക്കുമെന്ന് ആര്‍.ബി.ഐ ഡെപ്യൂട്ടി ഡയരക്ടര്‍ ബി.പി കനൂംഗോ പറഞ്ഞു.
ജൂണ്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയത്. ഡിജിറ്റല്‍ കറന്‍സിയുടെ പ്രായോഗികത, ഇതിനുവേണ്ടി നടപ്പാക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍, ചട്ടങ്ങള്‍, ഡിജിറ്റല്‍ കറന്‍സി അഭിലഷണീയമാണോ തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിക്കുക. ഡിജിറ്റല്‍ കറന്‍സി അടക്കമുള്ളവ കൊണ്ടുവരുന്നതോടെ സമ്പദ് വ്യവസ്ഥക്ക് കരുത്താകുമെന്നാണ് ആര്‍.ബി.ഐ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ബിറ്റ്‌കോയിന്‍ അടക്കമുള്ള മറ്റ് ഡിജിറ്റല്‍ കറന്‍സികളുടെ ഉപയോഗത്തിനെതിരേ നിരവധി മുന്നറിയിപ്പുകളും ആര്‍.ബി.ഐ ബാങ്കുകള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയിട്ടുണ്ട്. ഇത്തരം കറന്‍സികള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തികളോ സ്ഥാപനങ്ങളോ നടത്തുന്ന ഡിജിറ്റല്‍ കറന്‍സി വഴിയുള്ള ഇടപാടുകളുടെ ഉത്തരവാദിത്തം ആര്‍.ബി.ഐക്ക് ഇല്ലെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."