അഭ്രപാളികളില്ലാത്ത ലോകത്തേക്ക് കൊല്ലം അജിത്
രാജു ശ്രീധര്‍
കൊല്ലം: മലയാള സിനിമയില്‍ ചരിത്രമുറങ്ങുന്ന വേണാടിന്റെ കയ്യൊപ്പു പതിപ്പിച്ച കലാകാരനായിരുന്ന കൊല്ലം അജിത്. ഇന്നലെ വൈകിട്ട് പോളയത്തോട് പൊതു ശ്മശാനത്തില്‍ ഭൗതികദേഹം എരിഞ്ഞടങ്ങിയതോടെ അജിതിന്റെ ഓര്‍മ്മകളിലാണ് ഇനി കൊല്ലം.
അജിത്തിന്റെ കുത്തിന് പിടിച്ച് മോഹന്‍ലാല്‍ ഇടിച്ചാല്‍ ആ സിനിമ ഹിറ്റാകുമെന്നൊരു അന്ധവിശ്വാസവും സിനിമയില്‍ ഉണ്ടായിരുന്നു. അതേക്കുറിച്ചുള്ള അനുഭവങ്ങള്‍ അജിത് മാധ്യമങ്ങളോട് പങ്ക് വച്ചിട്ടുണ്ട്.
സിനിമയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ് അജിത് ഇടികൊള്ളാനായി തുനിഞ്ഞിറങ്ങിയതും. കൊല്ലം കടപ്പാക്കടയില്‍ വീടിനടുത്തുള്ള കടപ്പാക്കട ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ വൈകുന്നേരങ്ങളിലെ സിനിമാചര്‍ച്ചകളാണ് തന്നെ സിനിമാക്കാരനാക്കിയതെന്ന് അജിത് പറഞ്ഞിട്ടുണ്ട്. മലയാള സിനിമയിലെ അതികായന്മാരായ അരവിന്ദന്‍, അടൂര്‍, പി.എ ബക്കര്‍, കെ.ജി ജോര്‍ജ് തുടങ്ങിയവരുടെയൊക്കെ സിനിമകള്‍ കണ്ടുവന്ന് എല്ലാവരും കൂടിയിരുന്ന് ചര്‍ച്ച ചെയ്യും. ഇത്തരം ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അജിത്ത്. കൈയില്‍ കിട്ടുന്ന പൈസ മുഴുവന്‍ സിനിമ കാണാനാണ് ചെലവഴിച്ചിരുന്നത്. പിന്നീട് അജിത്തിന് കമ്പം തോന്നിയത് പത്മരാജന്റെ ക്ലാസിക്കല്‍ സിനിമകളോടായിരുന്നു. സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകണമെന്നാഗ്രഹിക്കുന്നത് പത്മരാജന്റെ സിനിമകള്‍ കണ്ടു തുടങ്ങിയപ്പോഴായിരുന്നു. ഇതേ തുടര്‍ന്ന് സംവിധാനം പഠിക്കാനായി പത്മരാജന്റെ സെറ്റിലെത്തിയ അജിത്തിന് തന്റെ സിനിമയില്‍ പത്മരാജന്‍ ഒരു വേഷം നല്‍കി. പറന്ന് പറന്ന് പറന്ന് എന്ന സിനിമയില്‍ വില്ലന്‍ വേഷമാണ് ലഭിച്ചത്. പിന്നീട് ഇറങ്ങിയ പത്മരാജന്റെ സിനിമകളില്‍ അജിത്തിന് ഒരു വേഷം മാറ്റി വച്ചിരുന്നു. തന്നെ അഭിനയത്തിലേയ്ക്ക് തിരിച്ചുവിട്ടത് പത്മരാജനാണെന്ന് അജിത്ത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ 1987ല്‍ ഇറങ്ങിയ അഗ്‌നിപ്രവേശം എന്ന സിനിമയില്‍ നായകനുമായി.
ഇങ്ങനെ സിനിമയില്‍ എത്തിയപ്പോള്‍ അജിത്തിനെ തേടിയെത്തിയത് വില്ലന്‍ വേഷങ്ങള്‍. ഒടുവില്‍ മനസില്‍ കൂടെ കൊണ്ടുനടന്നിരുന്ന സംവിധായാകനാകാനുള്ള മോഹം വര്‍ധിച്ചു. നല്ലൊരു പ്രമേയം മനസ്സില്‍ വന്നപ്പോള്‍ അതു സിനിമയാക്കിയാലോ എന്നുതോന്നി. രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് തൂക്കുകയര്‍ കാത്തുകഴിയുന്ന ഒരാളുടെ ജീവിതം. ബ്ലാക്ക് ഫയര്‍ എന്നുപേരിട്ട് സിനിമയുടെ പൂജയും നടത്തി. പക്ഷേ നിര്‍മാതാവിന്റെ പിടിവാശിയില്‍ ഒടുവില്‍ പ്രോജക്റ്റ് തന്നെ ഉപേക്ഷിച്ചു. പുതിയൊരു ആശയം വന്നപ്പോള്‍ കോളിങ് ബെല്‍ എന്ന സിനിമയുണ്ടായി. അജിത്ത് തന്നെ തിരകഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു.
ദേശസ്‌നേഹം ഇതിവൃത്തമാക്കി അജിത്ത് തന്നെ രചനയും സംവിധാനവും നിര്‍ഹിച്ച 'പകല്‍പോലെ'എന്ന രണ്ടാമത്തെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീയറ്ററുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പൊതുസ്ഥലങ്ങളിലാണ് പ്രദര്‍ശിപ്പിച്ചത്. ഇനി അരങ്ങും അണിയറയും അഭ്രപാളികളുമില്ലാത്ത ലോകത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."