വിടവാങ്ങിയത് ഈ നൂറ്റാണ്ടിന്റെ സോപാന സംഗീതജ്ഞന്‍
പാലാ: ഒരു നൂറ്റാണ്ട് സോപാന സംഗീതത്തിലൂടെ ജീവിച്ച സോപാന കലാകാരന്‍ പത്മനാഭമാരാര്‍ തന്റെ സംഗീത തപസ്യ ബാക്കി വച്ച് യാത്രയാകുമ്പോള്‍ നാലമ്പലത്തിലെ പ്രഥമക്ഷേത്രമായ ശ്രീരാമക്ഷേത്രത്തില്‍ 101 വര്‍ഷക്കാലം ഉപാസനയോടെ സോപാന സംഗീതം ആലപിച്ച് ചരിത്രത്തിന്റെ ഭാഗമായി.
ഒരു നൂറ്റാണ്ട് ഒരേ ദേവസന്നിധിയില്‍ സോപാനസംഗീതം പാടാന്‍ കഴിയുന്നത് അത്യപൂര്‍വ്വമാണ്. നന്നേ ചെറുപ്പത്തില്‍ പിതാവ് ശങ്കരമാരാരുടെ നിര്‍ദ്ദേശാനുസരണം ശ്രീരാമക്ഷേത്രത്തില്‍ എത്തി സോപാന സംഗീതം ആലപിച്ചു തുടങ്ങിയ പത്മനാഭമാരാര്‍ 101 വര്‍ഷത്തോളമാണ് ഈ ഭഗവത്‌സന്നിധിയില്‍ സോപാനസംഗീതാലാപനം നടത്തിയത്. പ്രായം 112-ല്‍ എത്തുമ്പോഴും സ്ഫുടതയോടെ സോപാനസംഗീതം ആലപിച്ചിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു.
സോപാന സംഗീതത്തോടൊപ്പം ഇടയ്ക്കയും ചേര്‍ന്നുള്ള സംഗീതം ഇവിടെ എത്തുന്ന ഭക്തരെ ഏറെ ആകര്‍ഷിച്ചിരുന്നു. ചിട്ടയോടെയുള്ള മാരാരുടെ ജീവിതരീതിയും, ഭക്ഷണക്രമങ്ങളും 112-ാം വയസിലും പരസാഹയമില്ലാതെ തന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുവാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയിരുന്നു. പുലര്‍ച്ചെയുള്ള ക്ഷേത്രക്കുളത്തിലെ സ്‌നാനവും സസ്യാഹാരവുമാണ് അദ്ദേഹത്തെ 112-ാം വയസിലും ആരോഗ്യവാനാക്കിയത്.പ്രായാധിക്യം ശരീരത്തെ ബാധിച്ചതോടെ കഴിഞ്ഞ ഒരു വര്‍ഷമായി ദേവസന്നിധിയില്‍ എത്താന്‍ കഴിയാത്ത വേദനയോടെയാണ് പത്മനാഭമാരാര്‍ വിടവാങ്ങിയത്. സോപാന സംഗീതകുലപതിയെ നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തി.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി കലാകാരന്മാരും അല്ലാത്തവരും മാരാരുടെ അനുഗ്രഹം തേടി വീട്ടില്‍ എത്താറുണ്ട്. ഏറ്റവും പ്രായം കൂടിയ സോപാന സംഗീതജ്ഞനെയാണ് പത്മനാഭമാരാരുടെ നിര്യാണത്തോടെ നമുക്ക് നഷ്ടമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."