ദേശീയപാത വികസന സര്‍വേ തുടരുന്നു; ഇരകളുടെ വിലാപങ്ങള്‍ ബധിരകര്‍ണങ്ങളില്‍
തിരൂരങ്ങാടി: ദേശീയപാത വികസിപ്പിക്കുമ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ ഹൃദയംപൊട്ടിയുള്ള വിലാപങ്ങള്‍ കേള്‍ക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. വന്‍ പൊലിസ് സന്നാഹവുമായെത്തി കാല്‍ച്ചുവട്ടില്‍ ആണിയടിക്കുമ്പോള്‍ നിസഹായരായി കണ്ണീരോടെ വിലപിക്കുകയാണ് ദേശീയപാതയോരത്തെ വീട്ടുകാര്‍.
ഇന്നലെ ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണിന്റെ നേതൃത്വത്തില്‍ രാവിലെ ഏഴിനുതന്നെ സര്‍വേ ആരംഭിച്ചു. കരുമ്പില്‍ മുതല്‍ കൊളപ്പുറംവരെ നാലു വിഭാഗമങ്ങളായി തിരിഞ്ഞാണ് സര്‍വേ നടത്തിയത്. വീടുകള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍നിന്നെല്ലാം സര്‍വേ ഉദ്യോഗസ്ഥരും പൊലിസും ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍, എല്ലാ എതിര്‍പ്പുകളെയും നേരിടാന്‍ എം.എസ്.പി, കെ.എ.പി, ഡി.ജി.പിയുടെ നോര്‍ത്ത് സോണ്‍ സ്‌ക്വാഡ് തുടങ്ങി മുന്നൂറംഗ പൊലിസ് സംഘമാണ് സ്ഥലത്തു ക്യാംപ് ചെയ്യുന്നത്.
എതിര്‍പ്പുകളുമായി മുന്നോട്ടുവരുന്നവരുടെ വീഡിയോ ദൃശ്യങ്ങളും പൊലിസ് റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. ഇന്നു കൊളപ്പുറം മുതല്‍ വലിയപറമ്പുവരെ നാലു കിലോമീറ്റര്‍ സര്‍വേ നടത്തും.
കക്കാട്ട് നഷ്ടപ്പെടുന്നത് അഞ്ഞൂറിലേറെ ഖബറുകള്‍
തിരൂരങ്ങാടി: ദേശീയപാതാ വികസനത്തില്‍ കക്കാട്ട് റോഡിന്റെ ഭാഗമായി മാറുന്നത് അഞ്ഞൂറിലേറെ ഖബറുകള്‍. കക്കാട് ജുമാമസ്ജിദിന്റെ ഖബറിസ്ഥാനിലൂടെയാണ് പുതിയ അലൈന്‍മെന്റ് കടന്നുപോകുന്നത്. നേരത്തെ തയാറാക്കിയ രണ്ട് അലൈന്മെന്റുകളിലും പള്ളിയും ഖബര്‍സ്ഥാനും ഉള്‍പ്പെട്ടിരുന്നില്ല.
പുതുക്കിയ അലൈന്മെന്റില്‍ പള്ളിയുടെ 21 സെന്റ് ഭൂമിയും അതിലെ അഞ്ഞൂറോളം ഖബറുകളും നഷ്ടപ്പെടും. ഒരു വര്‍ഷം മുതല്‍ അഞ്ഞൂറു വര്‍ഷംവരെ പഴക്കമുള്ള ഖബറുകളാണ് സര്‍വേ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നു പള്ളി ഭാരവാഹികള്‍ പറഞ്ഞു. തുടക്കത്തില്‍ ഏഴു മീറ്ററും മധ്യത്തില്‍ 11 മീറ്ററും അവസാനം 14 മീറ്ററുമാണ് ഖബര്‍സ്ഥാനിലൂടെ അലൈന്‍മെന്റ് കടന്നുപോകുന്നത്. ഖബര്‍സ്ഥാനില്‍ കല്ല് നാട്ടുന്നതിനെതിരേ പള്ളി ഭാരവാഹികളും നാട്ടുകാരും രംഗത്തുവന്നു. തുടര്‍ന്ന് ആദ്യം നീക്കം ഉപേക്ഷിക്കുകയും പിന്നീട് വടക്കു ഭാഗത്തു കവാടത്തിനരികിലും മധ്യത്തില്‍ മഖ്ബറയ്ക്കു സമീപവും സര്‍വേ കല്ലുകള്‍ സ്ഥാപിച്ചു.
ഖബര്‍സ്ഥാനിലൂടെ ദേശീയപാത കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ മുദ്രാവാക്യം മുഴക്കി. കക്കാട് ത്രിപുരാന്തക ക്ഷേത്രത്തിന്റെ പതിനഞ്ചോളം സെന്റ് ഭൂമിയും റോഡ് വികസനത്തില്‍ നഷ്ടപ്പെടും. നേരത്തെ 157 1എ, 1522 സര്‍വേ നമ്പറുകളിലായി അന്‍പത് സെന്റ് ഭൂമി നഷ്ടപ്പെടുമായിരുന്നു. കക്കാട് മിഫ്താഹുല്‍ ഉലൂം ഹയര്‍സെക്കന്‍ഡറി മദ്‌റസയും ഇതു സ്ഥിതിചെയ്യുന്ന 37 സെന്റ് ഭൂമിയും പൂര്‍ണമായി ഇല്ലാതാകും. അര കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഇരുപത് വീടുകളും അത്രതന്നെ കെട്ടിടങ്ങളും നഷ്ടപ്പെടും.
അവസാന തുണ്ട് ഭൂമിയും നഷ്ടപ്പെട്ടു; അബൂബക്കറും കുടുംബവും തെരുവിലേക്ക്
തിരൂരങ്ങാടി: തലചായ്ച്ചിരുന്ന അവസാന മണ്‍തരിയും ദേശീയപാത കവര്‍ന്നതോടെ അബൂബക്കറും കുടുംബവും തെരുവിലേക്ക്. ദേശീയപാതാ വികസനത്തിന്റെ സര്‍വേയിലാണ് കക്കാട് മച്ചിഞ്ചേരി അബൂബക്കറിന്റെ ശേഷിക്കുന്ന ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നത്.
പാത വികസനത്തിനു നേരത്തെ രണ്ടു തവണകളായി മുന്‍ഭാഗത്തെ ആറു സെന്റ് ഭൂമി നല്‍കിട്ടുണ്ട്. ശേഷിച്ച ആറു സെന്റ് ഭൂമിയിലാണിപ്പോള്‍ വീട് സ്ഥിതിചെയ്യുന്നത്. സ്ഥലമെടുപ്പില്‍ ഇവയെല്ലാം ദേശീയപാതയുടെ ഭാഗമായി മാറും. നേരത്തെ തയാറാക്കിയ രണ്ട് അലൈന്‍മെന്റുകളിലും ഈ ഭൂമി ഉള്‍പ്പെട്ടിരുന്നു. പക്ഷേ, ഭൂമിയും പണവുമില്ലാത്തതിനാല്‍ മറ്റൊരിടത്തേക്കു മാറാനോ വീടുവയ്ക്കാനോ സാധിച്ചില്ല. കുടിയിറക്കപ്പെടുന്നതോടെ ഈ കുടുംബം തീര്‍ത്തും വഴിയാധാരമാകും.
ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായ അബൂബക്കര്‍ വീട്ടില്‍ ആടുകളെ വളര്‍ത്തി പാല്‍ വിറ്റാണ് ഉപജീവനം നടത്തുന്നത്. മൂത്ത മകന്‍ യൂസഫ് വാടക വീട്ടിലേക്കു താമസം മാറ്റിയെങ്കിലും ശേഷിക്കുന്നവര്‍ ഈ വീട്ടിലാണ് കഴിയുന്നത്.
ജനപ്രതിനിധികളുടെ യോഗം 11ന്
മലപ്പുറം: ദേശീയപാത വികസനത്തിനു ഭൂമിയേറ്റെടുക്കുന്നതു സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് മന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിച്ചു. 11നു രാവിലെ 10.30നാണ് യോഗം ചേരുക. വിഷയത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി യും ലീഗ് എം.എല്‍.എമാരും മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടര്‍ന്നാണ് നിയമസഭയിലും പാര്‍ലമെന്റിലും പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചത്.
അലൈന്‍മെന്റിലില്ലാത്ത ഭൂമിയിലും സര്‍വേ?
തിരൂരങ്ങാടി: ദേശീയപാത സ്ഥലമെടുപ്പില്‍ രേഖയിലില്ലാത്ത സ്വകാര്യ ഭൂമിയില്‍ സര്‍വേക്കല്ല് സ്ഥാപിച്ചതായി പരാതി. കക്കാട് കോടിയാട്ട് അബ്ദുര്‍റഹ്മാന്‍, കോടിയാട്ട് അബ്ദുര്‍റഹീം, കോടിയാട്ട് ആയിഷ എന്നിവരുടെ ഉടമസ്ഥതയിലുള്ള 151 ബി 4 ബി സര്‍വേ നമ്പറിലുള്ള ഭൂമിയിലും പാങ്ങിണിക്കാടന്‍ റിയാസിന്റെ സര്‍വേ നമ്പര്‍ 156 15, ചാലില്‍ അബ്ദുര്‍റഹ്മാന്‍ എന്നിവരുടെ ഭൂമിയിലും കല്ല് സ്ഥാപിച്ചതായാണ് പരാതി. വിജ്ഞാപനത്തിലോ ഇ ഗസറ്റിലോ അലൈന്‍മെന്റ് ചാര്‍ട്ടിലോ ഈ ഭൂമി ഇല്ലെന്നും ഇതു രേഖാമൂലം അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും ഡെപ്യൂട്ടി കലക്ടര്‍ ചെവികൊണ്ടില്ലെന്നും ഇവര്‍ പറഞ്ഞു. നിലവിലുള്ള സര്‍വേ പ്രകാരം 55 സെന്റ് സ്ഥലം, 17 മുറി കെട്ടിടം, മൂന്നു വീടുകള്‍ തുടങ്ങിയവ ഇവര്‍ക്കു നഷ്ടപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."