പിലിക്കോട് ഇനി ഫിലമെന്റ് ബള്‍ബുകളില്ല
ചെറുവത്തൂര്‍ (കാസര്‍കോട്): പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ ഇനി ഫിലമെന്റ് ബള്‍ബുകളില്ല. ഊര്‍ജസംരക്ഷണത്തിനായി ഫിലമെന്റ് ബള്‍ബുകള്‍ പൂര്‍ണമായും ഒഴിവാക്കിയ രാജ്യത്തെ ആദ്യ പഞ്ചായത്തെന്ന ബഹുമതി കാസര്‍കോട് ജില്ലയിലെ പിലിക്കോടിന് സ്വന്തം. ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്ത് പ്രഖ്യാപനം ഈ മാസം 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെ സഹകരണത്തോടെ ജനകീയ കൂട്ടായ്മയില്‍ നടപ്പാക്കിയ 'ഊര്‍ജയാനം' പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വീടുകള്‍, കടകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 39,900 ഫിലമെന്റ് ബള്‍ബുകള്‍ മാറ്റി. ഇവിടങ്ങളിലെല്ലാം എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിച്ചു.
അനാവശ്യമായി വൈദ്യുതി പാഴാകുന്നത് തടയാന്‍ പ്രാദേശികമായി എന്തു ചെയ്യാമെന്ന അന്വേഷണമാണ് 'ഊര്‍ജയാനം' പരിപാടിയിലേക്ക് പഞ്ചായത്തിനെ നയിച്ചത്. വീടുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതി ഉപകരണങ്ങളെ സംബന്ധിച്ച് സര്‍വേ, ഓരോ വീട്ടിലും പദ്ധതിയുമായി ബന്ധപ്പെട്ട സന്ദേശപത്രിക എത്തിക്കല്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി നടന്നു. 117 അയല്‍സഭകള്‍ വിളിച്ചുചേര്‍ത്ത് ഊര്‍ജസംരക്ഷണ ക്ലാസുകളും സംഘടിപ്പിച്ചു. തുടര്‍ന്ന് വീടുകളിലെ വൈദ്യുതോപകരണങ്ങള്‍, അവയുടെ ഉപയോഗക്രമം, ദുരുപയോഗത്തിന്റെ വഴികള്‍, വയറിങ്ങിലെ അപാകത എന്നിവയൊക്കെ വിലയിരുത്തി പരിഹാരം കണ്ടതോടെ ഊര്‍ജയാനം ലക്ഷ്യത്തിലെത്തി.
10,000 വൈദ്യുത ഉപഭോക്താക്കളാണ് പിലിക്കോട് പഞ്ചായത്തിലുള്ളത്. 250 യൂനിറ്റാണ് ഒരു ഉപഭോക്താവിന്റെ പ്രതിമാസ ശരാശരി ഉപഭോഗം. ഈ കണക്കുപ്രകാരം 25 ലക്ഷം യൂനിറ്റാണ് പിലിക്കോട് പഞ്ചായത്തിലെ ഒരുമാസത്തെ ഉപഭോഗം. പദ്ധതി നടപ്പാക്കിയതോടെ കഴിഞ്ഞവര്‍ഷം 1,20,328 യൂനിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിഞ്ഞതായാണ് എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ കണക്ക്. ഇത് കണക്കിലെടുത്ത് 2017ലെ സംസ്ഥാന ഊര്‍ജ സംരക്ഷണ അവാര്‍ഡ് പഞ്ചായത്തിനാണ് ലഭിച്ചത്. അനര്‍ട്ടിന്റെ സാങ്കേതിക സഹായത്തോടെ പാരമ്പര്യേതര ഊര്‍ജസ്രോതസുകളുടെ സാധ്യതയും പ്രയോഗവും പഞ്ചായത്തില്‍ നടപ്പാക്കുന്നതിനുള്ള തുടര്‍പ്രവര്‍ത്തനം വിഭാവനം ചെയ്തുവരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."