ഭാരോദ്വഹനത്തില്‍ ലോക ചാംപ്യന്‍ഷിപ്പ് മെഡല്‍
കല്‍പ്പറ്റ: ഭാരോദ്വഹനം കുടുംബകാര്യമാക്കി മാനന്തവാടി മൈത്രിനഗര്‍ വൃന്ദാവനില്‍ എം.കെ ശെല്‍വരാജ്-സി.ആര്‍ ഇന്ദിര ദമ്പതിമാരും അവരുടെ മൂന്നു പെണ്‍കുട്ടികളും. എം.എസ് ഐശ്വര്യ, എം.എസ് അക്ഷയ, എം.എസ് അമര്‍ത്യ എന്നിവരാണ് മാതാപിതാക്കള്‍ നടന്നുനീങ്ങിയ വഴിയിലൂടെ സഞ്ചരിച്ച് നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. ഭാരോദ്വഹനത്തില്‍ അന്താരാഷ്ട്ര മെഡലുകള്‍ നേടിയ അപൂര്‍വ കുടുംബമാണ് ഇവരുടേത്. പിതാവ് ശെല്‍വരാജിന്റെ പരിശീലനക്കളരിയില്‍ നിന്നാണ് മൂന്നു സഹോദരിമാരുടെയും നേട്ടങ്ങള്‍.
മുന്‍ മിസ്റ്റര്‍ കേരളയായിരുന്ന പിതാവിനെയും ഭാരോദ്വഹനത്തില്‍ സംസ്ഥാന റഫറിയായ മാതാവിനെയും അന്താരാഷ്ട്ര മെഡലുകള്‍ നേടിയ ചേച്ചിമാരെയും കണ്ടുവളര്‍ന്ന ഇളയ സഹോദരി എം.എസ് അമര്‍ത്യയാണ് ഇപ്പോള്‍ മത്സര രംഗത്തു സജീവമായുള്ളത്. അമര്‍ത്യയിലൂടെ ലോക ചാംപ്യന്‍ഷിപ്പ് മെഡലാണ് ഇവരുടെ സ്വപ്നം. അതിനായുള്ള തീവ്രശ്രമത്തിലാണ് ശെല്‍വരാജും കുടുംബവും.
രണ്ട് അന്താരാഷ്ട്ര മെഡലുകള്‍, അഞ്ച് ദേശീയ മെഡലുകള്‍, രണ്ട് സൗത്ത് ഇന്ത്യന്‍ മെഡലുകള്‍, 11 സംസ്ഥാന മെഡലുകള്‍ എന്നിവയാണ് കോഴിക്കോട് ലോ കോളജിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയായ അമര്‍ത്യ സ്വന്തമാക്കിയത്. കൂടാതെ ദേശീയ-സംസ്ഥാന റെക്കോര്‍ഡുകളും അമര്‍ത്യ കരസ്ഥമാക്കിയിട്ടുണ്ട്. കോയമ്പത്തൂരില്‍ നടന്ന ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ഡെഡ് ലിഫ്റ്റ് 115 കി.ഗ്രാം വിഭാഗം, 2017ല്‍ ജമ്മുകശ്മിരില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ഡെഡ് ലിഫ്റ്റ് 105 കി.ഗ്രാം വിഭാഗങ്ങളിലാണ് അമര്‍ത്യയുടെ ദേശീയ റെക്കോര്‍ഡ്. കൊല്ലത്ത് നടന്ന ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ഡെഡ് ലിഫ്റ്റ് 120 കി.ഗ്രാം വിഭാഗം, ചേര്‍ത്തലയില്‍ നടന്ന സബ്ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ഡെഡ് ലിഫ്റ്റ് 110 കി.ഗ്രാം വിഭാഗങ്ങളില്‍ സംസ്ഥാന റെക്കോര്‍ഡും നേടി.
വെറ്ററിനറി ഡോക്ടറായ ഐശ്വര്യയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ അക്ഷയയും കളമൊഴിഞ്ഞെങ്കിലും ലോക ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ സ്വപ്നം മോഹിക്കുന്ന അമര്‍ത്യ ഇപ്പോഴും കഠിനാധ്വാനത്തിലാണ്. എന്നാല്‍ വളയിട്ട കൈകളുടെ ഈ വലിയ നേട്ടങ്ങള്‍ കായിക കേരളത്തിന് അത്ര സുപരിചിതമല്ല. മറ്റു കായിക ഇനങ്ങളിലെ വിജയികള്‍ക്ക് എല്ലാം നല്‍കുമ്പോഴും അഭിമാന നേട്ടങ്ങള്‍ക്ക് ഉടമകളായ ഈ സഹോദരിമാര്‍ക്ക് ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു അഭിനന്ദനക്കത്ത് പോലും ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."