അപകടത്തില്‍ മരിച്ചയാള്‍ക്കെതിരേ കേസ്: ചങ്ങരംകുളം എസ്.ഐക്കെതിരേ മറ്റൊരു ഹരജി കൂടി
കൊച്ചി: അപകടത്തില്‍ മരിച്ചയാള്‍ക്കെതിരേ കേസെടുത്ത മലപ്പുറം ചങ്ങരംകുളം എസ്.ഐ കെ.പി മനേഷ് വേറൊരു കേസിലും നിയമവിരുദ്ധമായി നടപടി സ്വീകരിച്ചുവെന്നാരോപിച്ച് മറ്റൊരു ഹരജിയും ഹൈക്കോടതിയിലെത്തി. എടപ്പാള്‍ സ്വദേശി കെ.എ അശോക് കുമാറാണ് ബൈക്കപകടത്തില്‍ മകന്‍ മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. സമാനമായ മറ്റൊരു കേസില്‍ എസ്.ഐക്കെതിരേ അന്വേഷണം നടത്താന്‍ കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഹരജിക്കാരന്റെ മകന്‍ അര്‍ജുന്‍ (25) ഫെബ്രുവരി രണ്ടിനാണ് എടപ്പാള്‍ - കുറ്റിപ്പുറം ദേശീയപാതയില്‍ റിഹാന്‍ ഐ ഹോസ്പിറ്റലിന് സമീപം അപകടത്തില്‍പ്പെട്ടത്. അര്‍ജുന്‍ ഓടിച്ചിരുന്ന ബൈക്കില്‍ അമിത വേഗത്തില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസിടിക്കുകയായിരുന്നുവെന്നു ഹരജിക്കാരന്‍ പറയുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അര്‍ജുന്‍ പിന്നീട് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നുണ്ടെങ്കിലും അര്‍ജുനെതിരേയാണ് ചങ്ങരംകുളം എസ്.ഐ കെ.പി മനേഷ് കേസെടുത്തത്. അപകടം നടന്നയുടന്‍ ബസില്‍ നിന്നിറങ്ങിയോടിയ ഡ്രൈവര്‍ മണികണ്ഠനെ ഒരു സമീപവാസി ഓടിച്ചിട്ടു പിടിച്ചിരുന്നു. ജങ്ഷനിലെ ടാക്‌സി ഡ്രൈവര്‍മാരടക്കമുള്ളവര്‍ പരുക്കേറ്റ അര്‍ജുനെ എടപ്പാളിലെ ആശുപത്രിയിലേക്കും പിന്നീട് തൃശൂര്‍ അമല ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാല്‍ താനും കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ളവരും ചേര്‍ന്നാണ് അര്‍ജുനെ അമലയിലേക്ക് കൊണ്ടുപോയതെന്ന ഡ്രൈവറുടെ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ കേസെടുത്തെതെന്നും മകന്റെയോ ദൃക്‌സാക്ഷികളുടെയോ മൊഴി എടുക്കാന്‍ തയാറായില്ലെന്നും ഹരജിയില്‍ പറയുന്നു. ഇതേ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മണല്‍ കയറ്റിവന്ന ടിപ്പര്‍ ലോറി കാറിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച യുവാവിനെതിരേ കേസ് എടുത്ത എസ്.ഐ മനേഷിനെതിരായി അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."