സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടും ഖനനത്തിനുളള അനുമതി നല്‍കുന്നില്ല
ഫറോക്ക്: കളിമണ്ണ ഖനനത്തിനുളള നിയമങ്ങളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ആനുകൂല്യം ഓട് കമ്പനികള്‍ക്ക് ലഭിക്കുന്നില്ല. കളിമണ്ണ് ഖനനത്തിനുള്ള അപേക്ഷയിന്മേല്‍ കലക്ടര്‍, ആര്‍.ഡി.ഒ, എ.ഡി.എം എന്നിവരടങ്ങിയ സമിതി തീരുമാനമെടുക്കാത്തതാണ് ഓട്ടുകമ്പനികളെ വലച്ചിരിക്കുന്നത്.
രണ്ട് മാസം മുന്‍പ് നിയമത്തില്‍ ഇളവ് വരുത്തി ഉത്തരവിറങ്ങിയെങ്കിലും ഒരു കമ്പനിക്കു പോലും കളിമണ്ണ് ഖനനത്തിനു അനുമതി ഇതുവരെ നല്‍കിയിട്ടില്ല. അന്തിമ തീരുമാനമെടുക്കേണ്ട സമിതിയുടെ യോഗം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ക്കാത്തതാണ് തടസമായി നില്‍ക്കുന്നത്.
കളിമണ്ണ് ഇല്ലാത്തതിനാല്‍ പൂട്ടിപോയ കമ്പനികളുടെ അടക്കമുളള അപേക്ഷകള്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി കലക്ട്രേറ്റില്‍ കെട്ടികിടക്കുകയാണ്. നേരത്തെ ആ.ര്‍.ഡി.ഒ, എ.ഡി.എം, ജിയോളജിസ്റ്റ് എന്നിവരുടെ അനുമതി രേഖകള്‍ വാങ്ങി പാരിസ്ഥിതിക കമ്മിറ്റിക്ക് മുന്‍പില്‍ സമര്‍പ്പിച്ചതാണ്. ഈ കമ്മിറ്റി കളിമണ്ണ് എടുക്കേണ്ട സ്ഥലം വന്നു പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമാണ്. ഇതടക്കമുള്ള രേഖകളാണ് കലക്ടറുടെ അവസാന അനുമതിക്കായി കാത്തുകെട്ടികിടക്കുന്നത്.
കളിമണ്ണ് ലഭിക്കുകയാണെങ്കില്‍ പൂട്ടിപ്പോയ കമ്പനികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഉടമകള്‍ തയാറായിട്ടുണ്ട്. കാലിക്കറ്റ് ടൈല്‍ കമ്പനി ഉടമകള്‍ ഇതു സംബന്ധിച്ച ഉറപ്പ് റീജിയണല്‍ ജോയന്റ് ലേബര്‍ കമ്മിഷണര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നല്‍കിയിട്ടുണ്ട്.
കളിമണ്ണ് ലഭ്യമായാല്‍ തൊട്ടടുത്ത ദിവസം തന്നെ കമ്പനി തുറക്കുമെന്നാണ് ഉടമ എം.എ റജായ്, ജനറല്‍ മാനേജര്‍ കെ.എ സല്‍മാന്‍ എന്നിവര്‍ തൊഴിലാളികളുമായുള്ളചര്‍ച്ചയില്‍ അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരി 19നാണ് കളിമണ്ണ് ഇല്ലാത്തതിനെ തുടര്‍ന്നു കമ്പനി അടച്ചുപൂട്ടിയത്. കമ്പനി അടച്ചു പൂട്ടുന്നതിനു മുമ്പ് തൊഴിലാളികള്‍ക്ക് നല്‍കിയ മുന്‍കൂര്‍ നോട്ടീസിലും മണ്ണ് ലഭിക്കുന്ന മുറക്ക് കമ്പനി തുറക്കുമെന്നാണ് ഉടമകള്‍ അറിയിച്ചിരുന്നത്. അടച്ചു പൂട്ടിയ മലബാര്‍ ടൈല്‍സ്, വെസ്റ്റ് കോസ്റ്റ്, ഹിന്ദുസ്ഥാന്‍ ടൈല്‍സ്, എന്നീ കമ്പനി ഉടമകളെയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."