തുടര്‍ച്ചയായി ആറാം വട്ടവും ബയേണ്‍ മ്യൂണിക്ക്
മ്യൂണിക്ക്: തുടര്‍ച്ചയായി ആറാം തവണയും ബുണ്ടസ് ലീഗയില്‍ കിരീടമുയര്‍ത്തി ബയേണ്‍ മ്യൂണിക്ക്. ഓഗ്‌സബര്‍ഗിനെതിരായ എവേ പോരാട്ടത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് വിജയിച്ചാണ് ബയേണ്‍ ജര്‍മനിയിലെ ആധിപത്യം ഉറപ്പാക്കിയത്.
29 മത്സരങ്ങളില്‍ നിന്ന് 72 പോയിന്റുമായാണ് ബയേണ്‍ മുന്നേറിയത്. രണ്ടാം സ്ഥാനത്തുള്ള ഷാല്‍കെയുമായി 20 പോയിന്റിന്റെ കൃത്യമായ വ്യത്യാസവും ബാവേറിയന്‍സിനുണ്ട്. ഓഗ്‌സ്ബര്‍ഗിനെതിരേ സുലേ വഴങ്ങിയ സെല്‍ഫ് ഗോളില്‍ പിന്നില്‍ നിന്ന ശേഷമാണ് ബയേണ്‍ നാല് ഗോളുകള്‍ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. ഇരു പകുതികളിലായി ടോളിസ്സോ, ജെയിംസ് റോഡ്രിഗസ്, ആര്യന്‍ റോബന്‍, സാന്ദ്രോ വാഗ്നര്‍ എന്നിവര്‍ ബയേണിനായി വല ചലിപ്പിച്ചു.
എവര്‍ട്ടന്‍- ലിവര്‍പൂള്‍
പോരാട്ടം ഗോള്‍രഹിതം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സ്പര്‍ വിജയം സ്വന്തമാക്കിയപ്പോള്‍ എവര്‍ട്ടന്‍- ലിവര്‍പൂള്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ടോട്ടനം 2-1ന് സ്റ്റോക് സിറ്റിയെ പരാജയപ്പെടുത്തി. ലിവര്‍പൂള്‍ സമനില വഴങ്ങിയതോടെ ടോട്ടനത്തിനും ലിവര്‍പൂളിനും ഒരേ പോയിന്റ്.
33 മത്സരങ്ങളില്‍ നിന്ന് 67 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാമതും 32 മത്സരങ്ങളില്‍ നിന്ന് ഇത്രതന്നെ പോയിന്റുമായി ടോട്ടനം നാലാം സ്ഥാനത്തും നില്‍ക്കുന്നു. ഒരു മത്സരം കുറച്ച് കളിച്ചതിന്റെ ആനുകൂല്യം ടോട്ടനത്തിനുണ്ട്. മറ്റ് മത്സരങ്ങളില്‍ ബേണ്‍ലി 2-1ന് വാട്‌ഫോര്‍ഡിനെ യും ന്യൂകാസില്‍ യുനൈറ്റഡ് ഇതേ സ്‌കോറില്‍ ലെയ്‌സ്റ്റര്‍ സിറ്റിയെയും വീഴ്ത്തിയപ്പോള്‍ വെസ്റ്റ് ബ്രോം- സ്വാന്‍സീ സിറ്റി, ബ്രൈറ്റന്‍- ഹഡ്ഡേഴ്‌സ്ഫീല്‍ഡ് പോരാട്ടങ്ങള്‍ 1-1നും ബേണ്‍മൗത്ത്- ക്രിസ്റ്റല്‍ പാലസ് മത്സരം 2-2നും സമനില.
സെവിയ്യക്ക്
കനത്ത തോല്‍വി
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ബയേണിനോട് സ്വന്തം തട്ടകത്തില്‍ തോല്‍വി വഴങ്ങിയ സെവിയ്യക്ക് സ്പാനിഷ് ലാ ലിഗ പോരാട്ടത്തിലും കനത്ത തോല്‍വി.
എവേ പോരാട്ടത്തില്‍ സെവിയ്യയെ സെല്‍റ്റ വിഗോ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് അട്ടിമറിച്ചു. മറ്റ് മത്സരങ്ങളില്‍ ഡിപോര്‍ടീവോ ലാ കൊരുണ 3-2ന് മലാഗയേയും ആലാവസ് 2-0ത്തിന് ഗെറ്റാഫയേയും പരാജയപ്പെടുത്തി.
യുവന്റസിന് ജയം
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ യുവന്റസിന് ജയം. രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് അവര്‍ ബെനവെന്റോയെ വീഴ്ത്തി. പോളോ ഡിബാലയുടെ ഹാട്രിക്കാണ് മത്സരത്തിന്റെ സവിശേഷത.
പി.എസ്.ജി
കാത്തിരിക്കണം
പാരിസ്: പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ കിരീട ഉറപ്പിക്കല്‍ നീളും. എവേ പോരാട്ടത്തില്‍ സെയ്ന്റ് എറ്റീനുമായുള്ള മത്സരം വിജയിച്ച് ഫ്രഞ്ച് ലീഗ് വണ്‍ കിരീടം ഉറപ്പിക്കാനുള്ള അവസരം പി.എസ്.ജിക്ക് നഷ്ടമായി. മത്സരം 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മൊണാക്കോ 2-1ന് നാന്റസിനെ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."