നെല്‍കര്‍ഷക മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: കെ.എം മാണി
കോട്ടയം: നെല്‍കര്‍ഷക മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം കാണണമെന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി എം.എല്‍.എ ആവശ്യപ്പെട്ടു.
പാലായില്‍ പാര്‍ട്ടി ജില്ലാ സംസ്ഥാന ഭാരവാഹികളുടെയും നിയോജകമണ്ഡലം പ്രസിഡണ്ടുമാരുടെയും യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഭരണവില ഉടന്‍തന്നെ നല്‍കുന്നതിന് നടപടി ഉണ്ട് എന്നു പറയുന്ന കൃഷിമന്ത്രി മൂന്നുമാസമായി സംഭരിച്ച നെല്ലിന്റെ വില കൊടുത്തിട്ടില്ല. നെല്ല് ലോറിയില്‍ കയറ്റുമ്പോള്‍ ലഭിക്കുന്ന പി.ആര്‍.എസ് ബാങ്കില്‍ കൊടുത്താല്‍ ഉടന്‍ തുക ലഭിക്കുമെന്നു മന്ത്രി പറയുന്നതല്ലാതെ കര്‍ഷകര്‍ക്കു പണം ലഭിക്കുന്നില്ല. ഈര്‍പ്പനിലവാരത്തിന്റെ പേരില്‍ 10 കെ.ജി വരെ തട്ടികിഴിക്കുന്ന മില്ലുകാരുടെ ക്രൂരതയ്ക്കു നെല്‍കര്‍ഷകരെ വിട്ടുകൊടുക്കുന്ന നടപടി മില്ലുകാരും ഗവണ്‍മെന്റും തമ്മിലുള്ള ഒത്തുകളിയാണ്. കര്‍ശനമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കി കര്‍ഷകനെ രക്ഷിക്കണം.
നെല്ല് പാടശേഖരത്തില്‍നിന്നും ലോറിയില്‍ കയറ്റുന്നതിനുള്ള കൈകാര്യചെലവ് ക്വിന്റലിനു 150 രൂപ മുതല്‍ 200 രൂപ വരെയുള്ള സാഹചര്യത്തില്‍ 16 വര്‍ഷം മുന്‍പ് നിശ്ചയിച്ച 12 രൂപയെന്നതു പുതുക്കി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാടശേഖരസമിതിയ്ക്കു നല്‍കാനുള്ള വൈദ്യുതി സബ്‌സിഡി കുടിശ്ശിക കഴിഞ്ഞ രണ്ടു വര്‍ഷമായി ലഭിക്കുന്നില്ല. ഇതിനുള്ള നടപടിയും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം റബ്ബര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്നും കെ.എം.മാണി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.
തോമസ് ചാഴികാടന്‍, എം.എസ്.ജോസ്, ഫിലിപ്പ് കുഴികുളം, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോസഫ് ചാമക്കാല, വി.ജെ. ലാലി, ജോസ് ടോം, പ്രിന്‍സ് ലൂക്കോസ്, മാധവന്‍കുട്ടി കറുകയില്‍, പി.എം.മാത്യു, മജു പുളിക്കന്‍, ജോസ് ഇടവഴിയ്ക്കല്‍, സി.ഡി. വത്സപ്പന്‍, ജോണികുട്ടി മഠത്തിനകം, തോമസ് ടി. കീപ്പുറം, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, മാത്തുകുട്ടി ഞായറുകുളം, രാജു ആലപ്പാട്ട്, ഏബ്രഹാം പഴയകടവന്‍, ബെന്നി അഞ്ചാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."