നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നാവശ്യവും ശക്തം: ഈരാറ്റുപേട്ടയില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു
ഈരാറ്റുപേട്ട : നഗരത്തിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായി സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.
കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് വികസനം ഏറ്റെടുത്തിരിക്കുന്ന റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നത്. ഇതിനുള്ള പോസ്റ്റുകള്‍ കഴിഞ്ഞ രാത്രിയില്‍ സ്ഥാപിച്ചു. സെന്‍ട്രല്‍ ജംക്ഷനിലും മുട്ടം കവലയിലുമാണ് സിഗ്‌നല്‍ ലൈറ്റുകള്‍ വരുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഒരുമാസം ലൈറ്റുകള്‍ ആദ്യം പ്രവര്‍ത്തിപ്പിക്കും. ഒരു മിനിറ്റ് സമയം അടിസ്ഥാനമാക്കിയാവും ആദ്യമാസം ട്രാഫിക് നിരീക്ഷിക്കുക. നഗരത്തിന് അനുയോജ്യമായ നിലയില്‍ പിന്നീട് ഇതിന്റെ സമയം ക്രമീകരിക്കും. ഇതിനിടെ നഗരത്തിലെട്രാഫിക്ക് നിയമലംഘനത്തിന് അറുതിവരുത്തുവാന്‍ നഗരത്തില്‍നീരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുകയാണ്.
സെന്‍സര്‍ നിയന്ത്രണത്തില്‍ പിന്നീട് ലൈറ്റുകള്‍ സ്വയം പ്രകാശിക്കുന്ന വിധത്തില്‍ ക്രമീകരിക്കും. പൂഞ്ഞാര്‍ റോഡ്, കാഞ്ഞിരപ്പള്ളി റോഡ്, പാലാ റോഡ് എന്നീ ഭാഗങ്ങളിലേക്ക് സെന്‍ട്രല്‍ ജംക്ഷനില്‍ സിഗ്‌നല്‍ ലൈറ്റുണ്ടാവും.
മുട്ടം ജംക്ഷനിലും മൂന്നു വശങ്ങളിലേക്കും ലൈറ്റ് സ്ഥാപിക്കും. സോളര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ക്കായി വൈദ്യുതി കണക്ഷനും ലഭ്യമാക്കും. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇവ പ്രവര്‍ത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ നഗരത്തില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഇതു പ്രയോജനകരമാകുമോ എന്ന ആശങ്കയുമുണ്ട്.
റോഡിനു വീതി കുറവായ നഗരത്തില്‍ ഒരു മിനിറ്റ് വാഹനങ്ങള്‍ പിടിച്ചിടുന്നതു കുരുക്കു മുറുകാനിടയാക്കുമെന്നാണ് മുന്‍ അനുഭവം. ഒരു മിനിറ്റ് വാഹനങ്ങള്‍ പിടിച്ചിടുന്നതു പൂഞ്ഞാര്‍ റോഡില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് റോഡുകളില്‍ വാഹനങ്ങള്‍ കുരുങ്ങുന്നതിനു കാരണമായേക്കുമെന്നു നഗരസഭാധ്യക്ഷന്‍ ററി.എം റഷീദ് തന്നെ പറയുന്നു. എന്നാല്‍ ഇത്തരം സംവിധാനങ്ങളോട് അസഹിഷ്ണുത കാണിച്ചിട്ടു കാര്യമില്ല, 30 സെക്കന്‍ഡ് ആയി സമയം നിജപ്പെടുത്തുകയാണ് ഉചിതമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നഗരത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി സംബന്ധിച്ചു കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുകയോ ട്രാഫിക് കമ്മിറ്റിയില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. നഗരസഭാധ്യക്ഷന്റെ തന്നിഷ്ടപ്രകാരമുള്ള നടപടികളാണ് നടക്കുന്നത്. മുന്‍പ് ഒരുതവണ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചു പരാജയപ്പെട്ടതിന്റെ അനുഭവം മുന്നിലുണ്ടെന്നും നഗരസഭാ പ്രതിപക്ഷ നേതാവ് വി.എം.സിറാജ് പറഞ്ഞു.. നഗരസഭയാകുന്നതിനു മുന്‍പ് ഈരാറ്റുപേട്ടയില്‍ സ്വകാര്യ ഏജന്‍സി സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ സംവിധാനം പരാജയപ്പെടുകയാണുണ്ടായത്. കുരുക്കു മുറുകിയതോടെ ആളുകള്‍ സിഗ്‌നല്‍ നിരാകരിക്കുകയായിരുന്നു. ഇപ്പോഴും റോഡിന്റെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. അതിനാല്‍ പുതിയ സംവിധാനം എത്രത്തോളം പ്രയോജനകരമാകും എന്നു കാത്തിരുന്നു കാണണം.ഇതിനിടെ നഗരത്തിലെട്രാഫിക്ക് നിയമലംഘനത്തിന് അറുതിവരുത്തുവാന്‍ നഗരത്തില്‍ നീരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."