അവിവാഹിതയുടെ കൈവശഭൂമി പഞ്ചായത്ത് തട്ടിയെടുത്തതായി ആരോപണം
തൊടുപുഴ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിലുള്ള രാഷ്ട്രിയവിരോധം തീര്‍ക്കാന്‍ ഒറ്റയ്ക്കു താമസിക്കുന്ന അവിവാഹിതയായ സ്ത്രീയുടെ കൈവശഭൂമി ഗ്രാമപഞ്ചായത്ത് തട്ടിയെടുത്തതായി ആരോപണം.
കുണിഞ്ഞി കച്ചേരിപ്പടവില്‍ സിസിലി മാത്യു(68)വാണ് പുറപ്പുഴ ഗ്രാമപഞ്ചായത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിനെതിരെ മത്സരിച്ചതിലുള്ള രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ താനറിയാതെ തന്റെ വസ്തു പഞ്ചായത്തിന്റെ ഉടമസ്ഥതയിലേക്ക് മാറ്റി എന്ന് സിസിലി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജയ്ഭാരത് മഹിളാ സമാജം പ്രസിഡന്റായിരുന്ന സിസിലിക്ക് 1977ല്‍ ലഭിച്ച 14 സെന്റ് വസ്തുവാണ് അന്യാധീനപ്പെട്ടത്. 2012 വരെ ഈ സ്ഥലത്ത് സിസിലിയുടെ ചുമതലയില്‍ ഒരു അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ ജോലിയില്‍ നിന്ന് വിരമിച്ചതോടെ അങ്കണവാടി നിറുത്തി.
പിന്നീട് ഈ ഭൂമിയിലെ ചെറിയ കെട്ടിടത്തില്‍ തനിച്ച് താമസിച്ചിരുന്ന സിസിലി വാര്‍ഡ് മെമ്പര്‍ റെനീഷ് മാത്യുവിന്റെ നേതൃത്വത്തില്‍ ബലമായി പുറത്താക്കി. ഇതുസംബന്ധിച്ച് കരിങ്കുന്നം പൊലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പഞ്ചായത്ത് മെമ്പറുടെ രാഷ്ട്രീയ സ്വാധീനത്തിനുമുമ്പില്‍ സിസിലിയുടെ പരാതി നിഷ്പ്രഭമായി.
തുടര്‍ന്ന് കേരള ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു.
കോടതിവിധിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ തഹസില്‍ദാര്‍ സിസിലിക്ക് ഭൂമി വിട്ടുനല്‍കാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി. എന്നാല്‍, ഉത്തരവ് നടപ്പിലാക്കുന്നതിനു പകരം ഗ്രാമപഞ്ചായത്ത് ആര്‍ഡിഒക്ക് അപ്പീല്‍ നല്‍കുകകയാണു ചെയ്തത്. ഇതിന്മേലുള്ള വാദപ്രതിവാദങ്ങളും തെളിവെടുപ്പും അനിശ്ചിതമായി നീണ്ടുപോകുന്നതിനാല്‍ കിടപ്പാടം നഷ്ടപ്പെട്ട സിസിലി അയല്‍വീടുകളിലും ധ്യാനകേന്ദ്രങ്ങളിലുമൊക്കെയാണ് അന്തിയുറങ്ങുന്നത്. അവിവാഹിതയും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുമെന്ന നിലയില്‍ തനിക്കെതിരെ ഉണ്ടായ അതിക്രമത്തിനെതിരെ സംസ്ഥാന വനിത കമ്മിഷനെ സമീപിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും സിസിലി പറഞ്ഞു.
വിവാദഭൂമിയില്‍ ഗ്രാമപ്പഞ്ചായത്ത് 11.5 ലക്ഷം രൂപ ചെലവില്‍ 400 ചതുരശ്രഅടി വിസ്തീര്‍ണമുള്ള അങ്കണവാടിയും നിര്‍മ്മിച്ചിട്ടുണ്ട്. കൈവശഭൂമി ഉടമയുടെ അറിവോ സമ്മതോ കൂടാതെ ഗ്രാമപഞ്ചായത്തിന്റെ പേരില്‍ പോക്കുവരവ് ചെയ്തുനല്‍കിയ റവന്യു ഉദ്യോഗസ്ഥരുടെ നടപടിയും സംശയാസ്പദമാണെന്ന് സിസിലി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."