ബോണസ് പ്രശ്‌നം: ജില്ലയില്‍ 10 മുതല്‍ അനിശ്ചിതകാല ബസ് തൊഴിലാളി പണിമുടക്ക്
കണ്ണൂര്‍: ജില്ലയില്‍ ഈ മാസം പത്ത് മുതല്‍ അനിശ്ചിതകാല ബസ്‌തൊഴിലാളി പണിമുടക്ക്. ബോണസ് സംബന്ധിച്ച് ഇന്നലെ ബസ് ഉടമകളും തൊഴിലാളികളും നടത്തിയ ചര്‍ച്ചയില്‍ ധാരണയാകാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ല സ്വകാര്യ ബസ് തൊഴിലാളി യൂനിയന്‍ സംയുക്തസമിതിയുടെ ആഭിമുഖ്യത്തില്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. 2017-18 വര്‍ഷത്തെ ബോണസ് നല്‍കുന്നതിനാണ് ബസ് ഉടമകള്‍ വിസമ്മതിച്ചിട്ടുള്ളത്. വിഷുവിനോടനുബന്ധിച്ചാണ് ബോണസ് നല്‍കാറുള്ളത്. ബോണസ് സംബന്ധിച്ച് മാര്‍ച്ച് 26ന് നടന്ന പ്രാഥമിക ചര്‍ച്ചയില്‍ ബോണസ് നല്‍കാന്‍ തയാറില്ലെന്നും, ബസ് വ്യവസായം നഷ്ടത്തിലാണെന്നുമാണ് ഉടമകള്‍ പറഞ്ഞത്. പിന്നീട് ഏപ്രില്‍ മൂന്നിന് നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല. ഇന്നലെ ജില്ല ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയും പരാജയമായതോടെ സമരത്തിനുള്ള സാഹചര്യമൊരുങ്ങുകയായിരുന്നു.
ജില്ലയിലെ തൊഴിലാളികള്‍ക്ക് 3,500 രൂപ ശമ്പള പരിധി നിശ്ചയിച്ച് ബോണസ് നല്‍കാമെന്ന നിലപാടില്‍ ഇന്നലെയും ഉടമകള്‍ ഉറച്ചു നിന്നു. കേന്ദ്ര സര്‍ക്കകാര്‍ ശമ്പളപരിധി 7000മായി ഉയര്‍ത്തിയത് തൊഴിലാളി നേതാക്കന്മാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ബസുടമകള്‍ വഴങ്ങിയില്ല. ചര്‍ച്ചയില്‍ ബസുടമകളെ പ്രതിനിധീകരിച്ച് എം.വി വത്സലന്‍, രാജ്കുമാര്‍ കരുവാരത്ത്, പി.കെ പവിത്രന്‍ എന്നിവരും തൊഴിലാളി സംഘടനാ നേതാക്കളായ കെ.പി സഹദേവന്‍, കെ. മനോഹരന്‍, കെ.കെ നാരായണന്‍, കെ. ജയരാജന്‍, താവം ബാലകൃഷ്ണന്‍, എം.കെ രവീന്ദ്രന്‍, എം.വി പ്രേമരാജന്‍, ജ്യോതിര്‍ മനോജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."