സഊദിയില്‍ സ്വകാര്യ മേഖലയില്‍ ഒരു ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍
റിയാദ്: സഊദിയില്‍ സ്വകാര്യ മേഖലയില്‍ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോട്ട്.
ഇതില്‍ നാല്‍പത് ശതമാനം സ്വദേശികള്‍ക്ക് മാത്രവും ബാക്കിയുള്ള അറുപത് ശതമാനം വിദേശികള്‍ക്കുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും ഒടുവിലത്തെ കണക്കുകളാണ് ഇപ്പേള്‍ പുറത്തുവന്നത്. വിവിധ മേഖലകളിലായി 70149 തൊഴിലുകള്‍ വിദേശികള്‍ക്കായി ഒഴിഞ്ഞുകിടക്കുമ്പോള്‍ സ്വദേശികള്‍ക്ക് 45919 തൊഴിലവസരങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്.
ഇതില്‍തന്നെ ഏറിയ പങ്കും വാണിജ്യ, ഹോട്ടല്‍, താമസ സൗകര്യ മേഖലകളിലാണ്. ഈ മേഖലയില്‍ മാത്രം മുപ്പതു ശതമാനം എന്ന നിലയില്‍ 35194 തൊഴിലുകളുണ്ട്. ഇതില്‍ സ്വദേശികള്‍ക്ക് സംവരണം ചെയ്തത് 12835 മാത്രമാണ്. ബാക്കി വരുന്ന 21657 തൊഴിലവസരങ്ങളും വിദേശികളെ കാത്തിരിക്കുകയാണ്.
വ്യവസായ മേഖലയില്‍ 18641ല്‍ 10806ഉം വിദേശികള്‍ക്കുള്ളതാണ്.
ബാക്കി വരുന്ന 7835 തൊഴിലുകള്‍ മാത്രമാണ് സ്വദേശികള്‍ക്കായി ഒഴിഞ്ഞുകിടക്കുന്നത്. കഴിഞ്ഞ വര്‍ഷാദ്യം മുതല്‍ ഈവര്‍ഷം മാര്‍ച്ചു വരെയുള്ള കണക്കുകള്‍ പ്രകാരം 819881 വിസകളാണ് തൊഴില്‍ മന്ത്രാലയം അനുവദിച്ചിരുന്നു.
സ്വദേശികള്‍ക്ക് തൊഴിലവരസരങ്ങള്‍ നല്‍കുന്നതോടൊപ്പം സ്വകാര്യ മേഖലയില്‍ നിന്നുള്ള തൊഴിലുടമകളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് വിവിധ മേഖലകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്തുകൊണ്ട് വരുന്നതിനായി ഇത്രയും വിസകള്‍ ഇഷ്യു ചെയ്തിട്ടും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം കിരീടാവകാശി നല്‍കിയ അഭിമുഖത്തില്‍ ഭാവി സഊദിയില്‍ സ്വദേശികള്‍ക്കും അതിലുപരി വിദേശികള്‍ക്കും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
സ്വദേശികളേക്കാള്‍ നാലിരട്ടി വിദേശികള്‍
റിയാദ്: സഊദി തൊഴില്‍ മേഖലയില്‍ വിദേശികളുടെ എണ്ണത്തില്‍ വര്‍ധന. സ്വദേശികളേക്കാള്‍ നാലിരട്ടി വിദേശികളാണുള്ളത്. സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 52.63 ദശലക്ഷം വിദേശികളാണ് സഊദിയില്‍ തൊഴിലെടുക്കുന്നത്. അതേസമയം സ്വദേശികളുടെ എണ്ണം 1.726 ദശലക്ഷമാണ്. സേവന മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ തൊഴിലെടുക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2.627 ദശലക്ഷം വിദേശികളാണ് സേവന മേഖലയില്‍ തൊഴിലെടുക്കുന്നത്. മേഖലയില്‍ 1.627 ദശലക്ഷം വിദേശികളും വിദ്യാഭ്യാസം, സാങ്കേതിക മേഖലകളില്‍ 33613 വിദേശികളും തൊഴിലെടുക്കുന്നുണ്ട്.
സ്വദേശികളില്‍ 480630 പേര്‍ ഓഫിസ് ജോലികളും 336212 പേര്‍ സേവന മേഖലയിലുമാണ് തൊഴിലെടുക്കുന്നത്. സെയില്‍സ് മേഖലയില്‍ 208225 സ്വദേശികളും തൊഴിലെടുക്കുന്നുണ്ട്. ആകെയുള്ള സ്വദേശി ജീവനക്കാരില്‍ 31 ശതമാനം പേരും ജോലി ചെയ്യുന്നത് വന്‍കിട കമ്പനികളിലാണ്. ചെറിയ സ്ഥാപനങ്ങളില്‍ 29 ശതമാനം പേരും ചെറുകിട സ്ഥാപനങ്ങളില്‍ 29 ശതമാനം പേരും ഇടത്തരം സ്ഥാപനങ്ങളില്‍ 14 ശതമാനം പേരും തൊഴിലെടുക്കുന്നുണ്ട്.
വിദേശികളില്‍ 35 ശതമാനം പേരും തൊഴിലെടുക്കുന്നത് ചെറിയ സ്ഥാപനങ്ങളിലാണ്. 27 ശതമാനം വന്‍കിട കമ്പനികളിലും 24 ശതമാനം ചെറുകിട സ്ഥാപനങ്ങളിലും 14 ശതമാനം ഇടത്തര സ്ഥാപനങ്ങളിലുമാണ് തൊഴിലെടുക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."