ആദിവാസികള്‍ക്ക് കൂടുമത്സ്യകൃഷി
പുതിയ തൊഴിലിടങ്ങളിലേക്ക് ചുവടുമാറ്റം നടത്തുന്ന ആദിവാസികള്‍ക്ക് ഇനി കൂടുമത്സ്യകൃഷിയും അനായാസം ചെയ്യാം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന(സി.എം.എഫ്.ആര്‍.ഐ)മാണ് ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്ക് കൂടുമത്സ്യകൃഷി ചെയ്യാന്‍ സാങ്കേതിക സഹായം നല്‍കുന്നത്. ഉപജീവനമാര്‍ഗമായി കൂടുമത്സ്യകൃഷി ചെയ്യാന്‍ കുടുംബങ്ങളെ പ്രാപ്തരാക്കും.
ജലാശയങ്ങളില്‍ കൂടുമത്സ്യകൃഷി തുടങ്ങുന്നതിനറ സാങ്കേതികസഹായം നല്‍കിയാണ് ആദിവാസി കുടുംബങ്ങളുടെ സാമ്പത്തികസാമൂഹിക ശാക്തീകരണത്തിന് വഴിതുറക്കുന്ന പദ്ധതിക്ക് സി.എം.എഫ്.ആര്‍.ഐ തുടക്കമിട്ടത്. വൈക്കം ടി.വി പുരം പഞ്ചായത്തിലെ 35ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് സി.എം.എഫ്.ആര്‍.ഐയുടെ കൂടുമത്സ്യകൃഷി സാങ്കേതികവിദ്യ പരിചയപ്പെടുത്തി.
കൂടുകൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തല്‍, ബജറ്റിങ്, യോജിച്ച മത്സ്യയിനങ്ങളെ തിരഞ്ഞെടുക്കല്‍, കൂടുനിര്‍മാണം, തീറ്റ നല്‍കല്‍, കൃഷിരീതികള്‍, വിളവെടുപ്പ്, വിപണനം എന്നിവയെക്കുറിച്ച് ആദിവാസി കുടുംബങ്ങള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി. കൂട് നിര്‍മിക്കുന്ന രീതിയും ജലാശയങ്ങളില്‍ സ്ഥാപിക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളും സി.എം.എഫ്.ആര്‍.ഐയിലെ മാരികള്‍ച്ചര്‍ വിഭാഗം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ. മധുവിന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബങ്ങള്‍ക്ക് പരിചയപ്പെടുത്തി.
സി.എം.എഫ്.ആര്‍.ഐയുടെ സാങ്കേതികസഹായത്തോടെ കര്‍ഷകസംഘങ്ങള്‍ നടത്തിവരുന്ന കൂടുമത്സ്യകൃഷി യൂനിറ്റുകള്‍ നേരില്‍ കാണാനും സംശയനിവാരണം നടത്താനും അവസരം നല്‍കിയിരുന്നു.
കൃഷി തുടങ്ങുന്നതിനായുള്ള മത്സ്യക്കൂട് സി.എം.എഫ്.ആര്‍.ഐ ആദിവാസി കുടുംബങ്ങള്‍ക്ക് കൈമാറി. കൃഷി പുരോഗമിക്കുന്നതോടെ കൂടുതല്‍ മത്സ്യക്കൂടുകള്‍, മത്സ്യക്കുഞ്ഞുങ്ങള്‍, മത്സ്യത്തീറ്റ എന്നിവ നല്‍കും. കൃഷിയുടെ തുടക്കം മുതല്‍ വിളവെടുപ്പ് വരെ സി.എം.എഫ്.ആര്‍.ഐ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും കൂടുമത്സ്യകൃഷി നടത്തുക. ചെറുകിട കൂടുകൃഷി യൂനിറ്റുകള്‍ സ്ഥാപിച്ച് സ്വയംസംരംഭകരാകാന്‍ ആദിവാസിവിഭാഗങ്ങളെ സഹായിക്കും. കേന്ദ്ര സര്‍ക്കാറിന്റെ ട്രൈബല്‍ സബ് പ്ലാന്‍ (ടി.എസ്.പി) ഉപയോഗിച്ചാണ് സി.എം.എഫ്.ആര്‍.ഐ ആദിവാസി കുടുംബങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൂടുമത്സ്യ കൃഷിയില്‍ സാങ്കേതികസഹായം നല്‍കുന്നത്.
താരതമ്യേന ചെലവ് കുറഞ്ഞതും മികച്ച വളര്‍ച്ചാനിരക്ക് ലഭിക്കുന്ന സി.എം.എഫ്.ആര്‍.ഐ വികസിപ്പിച്ച പ്രത്യേക മത്സ്യകൃഷി മാതൃകയാണ് കൂടുമത്സ്യകൃഷി. കുളങ്ങളിലും കായലുകളിലും ചെയ്യുന്ന സാധാരണ മത്സ്യകൃഷിയേക്കാള്‍ 70 മടങ്ങ് ഉല്‍പാദനക്ഷമതയുള്ളതാണ് കൂടുമത്സ്യ കൃഷി. ടി.വി പുരം പഞ്ചായത്തിലെ ഐ.എച്ച്.ഡി.പി കോളനിയിലാണ് പരിശീലന സംഗമം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."