കടലിലെ മാലിന്യ ഭീഷണി: ദേശീയ സമ്മേളനം ബുധനാഴ്ച തുടങ്ങും
കൊച്ചി: പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാരണം കടലിന്റെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് രണ്ട് ദിവസത്തെ ദേശീയ സമ്മേളനം ബുധനാഴ്ച കൊച്ചിയില്‍ തുടങ്ങും.
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്.ഐ) നടക്കുന്ന സമ്മേളനത്തില്‍ ദേശീയതലത്തില്‍ ശ്രദ്ധേയരായ പരിസ്ഥിതി പ്രവര്‍ത്തകരും സമുദ്രശാസത്രജ്ഞരും നയരൂപീകരണ വിദഗ്ധരുമാണ് പങ്കെടുക്കുന്നത്. മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയാണ് (എം.ബി.എ.ഐ) സമ്മേളനത്തിന്റെ സംഘാടകര്‍. മലിനീകരണം തടഞ്ഞ് കടലിന്റെയും കായലിന്റെയും പരിസ്ഥിതി സംരക്ഷിക്കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ സംയോജിപ്പിച്ച് കര്‍മരേഖ തയ്യാറാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ പുരസ്കാര ജേതാവും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ അഫ്രോസ് ഷാ രാവിലെ 10ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
2016ല്‍ 12000 വളന്റിയര്‍മാര്‍ക്ക് നേതൃത്വം നല്കി മുംബൈയിലെ വെര്‍സോവ ബീച്ചില്‍ നിന്ന് നാലായിരം ടണ്‍ മാലിന്യം നീക്കം ചെയുന്നതിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനാണ് അഫ്രോസ് ഷാ. കാലാവസ്ഥാ വ്യതിയനാവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിന്റെ ഉപദേഷ്ടാവും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. ജെ.ആര് ഭട്ട് സമ്മേളനത്തില്‍ വിശിഷ്ടാതിഥിയാകും.
പ്ലാസ്റ്റിക് മാന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെടുന്ന പത്മ ജേതാവ് ഡോ.വാസുദേവന്‍ രാജഗോപാലന്‍ ഉള്‍ക്കൊള്ളുന്ന ഏഴ് വിദഗ്ധര്‍ സമ്മേളനത്തില്‍ പ്രധാന പ്രഭാഷകരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."