ആത്മഹത്യകളും കാണാതാകലുകളും കൂടുന്നു; എന്താണ് വട്ടിയൂര്‍ക്കാവില്‍ ഇങ്ങനെ?
വട്ടിയൂര്‍ക്കാവ്: തിരുവനന്തപുരം ജില്ലയില്‍ 20 ഓളം സിറ്റി സ്റ്റേഷനുകളുമായി നോക്കുമ്പോള്‍ ആത്മഹത്യകളും മാന്‍മിസ്സിംഗുകളും വര്‍ധിച്ചതോടെ വട്ടിയൂര്‍ക്കാവ് മണ്ഡലം കുപ്രസിദ്ധിയിലേക്കു നീങ്ങുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ഇതിന്റെ ആഴം വ്യക്തമാകും.
കുടുംബബന്ധങ്ങളിലെ താളപ്പിഴകളും കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളുടെ വ്യാപകമായ ഉപയോഗവുമാണ് പ്രശ്‌നങ്ങള്‍ക്കു വഴിമരുന്നിടുന്നത്.
2017 ജനുവരി ഒന്ന് മുതലുള്ള കണക്കെടുക്കുമ്പോള്‍ ഒരുവര്‍ഷത്തിനിടയ്ക്ക് 24 ആത്മഹത്യകളാണ് വട്ടിയൂര്‍ക്കാവില്‍ ഉണ്ടായിരിക്കുന്നത്.
ഇതില്‍ത്തന്നെ തൂങ്ങിമരണങ്ങളാണ് കൂടുതല്‍. 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവാക്കളുടെ ആത്മഹത്യയാണ് വര്‍ധിച്ചുവരുന്നത്.
അധികമില്ലെങ്കില്‍ ഇതേപ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയും വര്‍ഘധിച്ചുവരുന്നുണ്ട്. ഈ ഒരുവര്‍ഷത്തെ കണക്കെടുത്തു പരിശോധിക്കുമ്പോള്‍ വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ പരിധിയിലെ മിസ്സിങ് കേസുകളുടെ എണ്ണം 31 ആണ്.
ഇതിലും ഉള്‍പ്പെട്ടിരിക്കുന്നത് 18നും 25നും ഇടയിലുള്ള പ്രായക്കാര്‍ തന്നെ. തമിഴ്‌നാട്ടില്‍ നിന്ന് നേരിട്ട് കഞ്ചാവ് എത്തപ്പെടുത്ത തിരുവനന്തപുരം ജില്ലയിലെ പ്രധാന സ്ഥലമാണ് വട്ടിയൂര്‍ക്കാവ്.
നെട്ടയം, ചീനിക്കോണം, കുലശേഖരം കോളനി, വാഴോട്ടുകോണം തുടങ്ങിയ സ്ഥലങ്ങളെല്ലാം കഞ്ചാവിന്റെ കേന്ദ്രങ്ങളാണ്.
സ്‌കൂള്‍ കുട്ടികളില്‍ വ്യാപകമായി കഞ്ചാവ് എത്തുന്നുണ്ടെന്ന വസ്തുത പൊലിസ് മറച്ചുവയ്ക്കുന്നില്ല.
ഓരോ മാസവും ചുരുക്കം ചില കഞ്ചാവു കേസുകള്‍ മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. ഇടനിലക്കാര്‍ മുഖേന വിറ്റഴിക്കപ്പെടുന്ന കഞ്ചാവ് ആരോരുമറിയാതെ കുട്ടികളുടെ കൈകളിലെത്തുന്നു.
കഞ്ചാവ് ഉപയോഗം വര്‍ധിച്ചതോടെ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ടെന്ന് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ പരിധിയില്‍ ആത്മഹത്യയും മാന്‍ മിസ്സിങും ഇല്ലാത്ത ഒരൊറ്റ ആഴ്ചയും കടന്നുപോകാറില്ലെന്ന് പൊലിസിന്റെതന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കുടുംബബന്ധങ്ങളിലെ താളപ്പിഴകളാണ് ചെറുപ്പക്കാരുടെ ഇറങ്ങിപ്പോകലില്‍ കലാശിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മാന്‍ മിസ്സിങുകളില്‍ മിക്കവാറും എല്ലാ സംഭവങ്ങളിലും കേസെടുക്കപ്പെടുന്നുണ്ടെങ്കിലും ഇതില്‍ തിരിച്ചെത്തുന്നവര്‍ അപൂര്‍വമാണ്.
തിരുവനന്തപുരം സിറ്റിയിലെ 20 ഓളം പൊലിസ് സ്റ്റേഷന്‍ ലിമിറ്റില്‍ എല്ലാ മാസവും കൃത്യമായി ജനമൈത്രിയോഗം കൂടുന്ന അപൂര്‍വം സ്റ്റേഷനുകളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്. ബോധവല്‍ക്കരണവും മറ്റും കാര്യമായി നടക്കുന്നുണ്ടെങ്കിലും ആത്മഹത്യകള്‍ക്ക് യാതൊരു കുറവുമില്ല.
ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗവും അതു വരുത്തിവയ്ക്കുന്ന സാമൂഹികപ്രശ്‌നങ്ങള്‍ക്കുമെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാന്‍ ഒരുങ്ങുകയാണ് വട്ടിയൂര്‍ക്കാവ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."