ദലിത് സംഘടനകളുടെ ഹര്‍ത്താല്‍: കാസര്‍കോട് ദേശീയപാതയിലടക്കം വിവിധ സ്ഥലങ്ങളില്‍ റോഡ് തടയുന്നു
കാസര്‍കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദലിതര്‍ക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിക്കാന്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് തടഞ്ഞു.
പെരിയ ദേശീയപാതയില്‍ രാവിലെ ആറ് മണി മുതല്‍ തന്നെ ദലിത് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇതോടെ ദേശീയപാതയിലൂടെയുള്ള വാഹന ഗതാഗതം സ്തംഭിച്ചു. വിവിധ സ്ഥലങ്ങളില്‍ റോഡ് തടയുന്നുവെന്ന വിവരം പുറത്തു വന്നതോടെ സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പലയിടങ്ങളിലും സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയില്‍ കിനാനൂര്‍കരിന്തളം പഞ്ചായത്തിലെ കരിന്തളത്ത് ഹര്‍ത്താലനുകൂലികള്‍ റോഡ് ഉപരോധിച്ചു. ജില്ലയിലെ ഭീമനടി, ബന്തടുക്ക, പിലിക്കോട്, രാവണേശ്വരം തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ രാവിലെ മുതല്‍ തന്നെ ഹര്‍ത്താലനുകൂലികള്‍ റോഡ് തടയുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ റോഡ് തടഞ്ഞ ഏതാനും ദലിത് സംഘടനാ പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് കെ.എസ്.ടി.പി കാസര്‍കോട് റോഡില്‍ വാഹനഗാതാഗതം സുഗമമായി നടക്കുന്നു. സ്വകാര്യ വാഹനങ്ങള്‍ സര്‍വ്വീസ് നടത്തിയെങ്കിലും സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവാണ്. ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയില്‍ പൊലിസ് കനത്ത ജാഗ്രതയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."