റിമാന്‍ഡ് പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞതു നിരവധി മോഷണങ്ങള്‍
തലശ്ശേരി: തലശ്ശേരി വലിയമാടാവ് യു.പി സ്‌കൂളില്‍ മോഷണം നടത്തിയ പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോള്‍ തെളിഞ്ഞതു നിരവധി മോഷണ കേസുകള്‍. തലശ്ശേരി ജൂബിലിറോഡിലെ അണിയാംകൊല്ലം വീട്ടില്‍ എ.കെ സിദ്ദീഖിനെ (50) ചോദ്യംചെയ്തപ്പോഴാണു സംസ്ഥാനത്തെ നിരവധിസ്ഥലങ്ങളില്‍ നടത്തിയ മോഷണ കേസുകളുടെ ചുരുളഴിഞ്ഞത്.
സിദ്ദീഖില്‍ നിന്നു മോഷണ വസ്തുക്കള്‍ വാങ്ങിയ മറ്റൊരു പ്രതിയെ കൂടി പൊലിസ് പിടികൂടി. ചേര്‍ത്തല മായിത്തറയിലെ കൊച്ചുവേളിയില്‍ അരുണിനെ (30) ആണ് തലശ്ശേരി പൊലിസ് അറസ്റ്റുചെയ്തത്.
ആലപ്പുഴ ചേര്‍ത്തലയിലെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നു രണ്ടുലക്ഷം രൂപ വിലമതിക്കുന്ന കംപ്യൂട്ടര്‍ മോണിറ്ററും സി.പി.യുവും മോഷ്ടിച്ചതു താനാണെന്നു സിദ്ദീഖ് ചോദ്യംചെയ്യുന്നതിനിടയില്‍ പൊലിസിനോടു സമ്മതിച്ചു. ഇടക്കൊച്ചിയിലെ യു.പി സ്‌കൂളില്‍ നിന്നു 40,000 രൂപ വിലമതിക്കുന്ന പ്രൊജക്ടര്‍ മോഷ്ടിച്ചു. വയനാട് വെള്ളമുണ്ട യു.പി സ്‌കൂളില്‍ നിന്നു മിക്‌സി, പ്രിന്റര്‍, മൈക്ക് എന്നിവയും മാസങ്ങള്‍ക്കു മുന്‍പ് കവര്‍ന്നു. കോഴിക്കോട് എലത്തൂരിലെ ക്ഷേത്രത്തില്‍ നിന്നു വിഗ്രഹത്തിലെ മൂന്നുപവന്റെ സ്വര്‍ണ മാലയും വെള്ളിയില്‍ തീര്‍ത്ത് പാമ്പ് മുട്ട രൂപവും മോഷ്ടിച്ചതും സിദ്ദീഖാണെന്നു പൊലിസിനു കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ട്. ആലുവയിലെ സ്‌കൂളില്‍ നിന്ന് ആറുമാസം മുമ്പ് രണ്ടു ലാപ്‌ടോപ്പുകള്‍ കവര്‍ച്ച നടത്തി. ഇതിനു പുറമെ പരാതി പോലും ലഭിക്കാത്ത നിരവധി മോഷണ കേസുകളിലും പ്രതി ഉള്‍പ്പെട്ടതായി ചോദ്യംചെയ്യലിനു നേതൃത്വം നല്‍കിയ പ്രിന്‍സിപ്പല്‍ എസ്.ഐ അനില്‍കുമാര്‍ പറഞ്ഞു.
നേരത്തെ ജയിലില്‍ വച്ച് പരിചയപ്പെട്ട ചേര്‍ത്തല സ്വദേശി അരുണിനു നിരവധി മോഷണ വ്‌സതുക്കള്‍ സിദ്ദീഖ് വില്‍പന നടത്തിയതായി വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അരുണിനെ പിടികൂടിയത്. കഴിഞ്ഞയാഴ്ച കൊയിലാണ്ടി പൊലിസാണു ക്ഷേത്ര മോഷണവുമായി ബന്ധപ്പെട്ട് സിദ്ദിഖിനെ പിടികൂടിയത്.
റിമാന്‍ഡിലായ പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. തിരുവങ്ങാട് വലിയമാടാവ് യു.പി സ്‌കൂളില്‍ നിന്നു മാര്‍ച്ച് 17നു മോഷണം നടത്തിയ നാലു ലാപ്‌ടോപ്പും ഡി.വി.ഡിയും പൊലിസ് കണ്ടെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മോഷണം നടത്തിയ പ്രിന്റര്‍, മൈക്ക്, പ്രൊജക്ടര്‍ തുടങ്ങിയ തൊണ്ടി മുതലുകളും കണ്ടെടുത്തിട്ടുണ്ട്. തലശ്ശേരി സ്വദേശിയായ സിദ്ദീഖ് മോഷണ കേസുകളില്‍ നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ്. ഈയടുത്ത് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയതിന്റെ പിറ്റേദിവസമാണു വലിയമാടാവ് സ്‌കൂളില്‍ മോഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."