സി.പി.എം പ്രചാരണത്തിന് മറുപടിയുമായി വയല്‍ക്കിളികള്‍
കണ്ണൂര്‍: കീഴാറ്റൂര്‍ ദേശീയപാതാ ബൈപാസ് വിഷയത്തില്‍ സി.പി.എം പ്രചാരണങ്ങള്‍ക്കു മറുപടിയുമായി വയല്‍ക്കിളികള്‍. ഇന്നുമുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാനാണു സമരസമിതിയുടെ തീരുമാനം. വയല്‍ക്കിളി പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്കു ചേക്കേറുന്നുവെന്ന സി.പി.എം പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണു വിശദീകരണ യോഗങ്ങളുമായി രംഗത്തെത്തിയത്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. ആദ്യ വിശദീകരണ യോഗം ഇന്നു വൈകിട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കും. കഴിഞ്ഞ മൂന്നിനു ബി.ജെ.പി കീഴാറ്റൂരില്‍ നിന്നു കണ്ണൂരിലേക്കു നടത്തിയ ബഹുജന റാലി ഉദ്ഘാടന വേദിയില്‍ നേതാക്കള്‍ക്കൊപ്പം കീഴാറ്റൂര്‍ സമര നായകരായ സുരേഷ് കീഴാറ്റൂരും നമ്പ്രാടത്ത് ജാനകിയും വേദി പങ്കിട്ടിരുന്നു. എന്നാല്‍ റാലിയില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ല. ഇതിനെതിരേയാണു സി.പി.എം ജില്ലയില്‍ പ്രചാരണം ആരംഭിച്ചിരുന്നത്.
മലപ്പുറം അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയപാതാ അലൈന്‍മെന്റിനെതിരേ നടക്കുന്ന സമരങ്ങളെ ഒന്നിപ്പിച്ച് സംസ്ഥാന തലത്തിലേക്കു പ്രക്ഷോഭം വ്യാപിപ്പിക്കാനും കീഴാറ്റൂര്‍ സമരസമിതിക്കു പദ്ധതിയുണ്ട്. കീഴാറ്റൂര്‍ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് എതിരായാല്‍ മെയ് ആദ്യവാരം തിരുവനന്തപുരത്തേക്കു ലോങ് മാര്‍ച്ച് സംഘടിപ്പിക്കാനാണു വയല്‍ക്കിളികളുടെ നീക്കം. ഞായറാഴ്ച കീഴാറ്റൂര്‍ സന്ദര്‍ശിച്ച യു.ഡി.എഫ് പ്രതിനിധി സംഘത്തോടു വയല്‍ക്കിളി പ്രവര്‍ത്തകര്‍ ലോങ് മാര്‍ച്ചിനു പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."