സബ് രജിസ്ട്രാര്‍ക്കെതിരേ ഹരജി; ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി
കൊച്ചി: ആധാരത്തില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ നെടുമങ്ങാട് സബ് രജിസ്ട്രാര്‍ കാര്‍ത്തികേയനെതിരേ ഉന്നതതല അന്വേഷണം വേണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. നെയ്യാറ്റിന്‍കര സ്വദേശി വിദ്യാധരന് നല്കിയ ഹരജിയിലാണ് നടപടി.
ആധാരത്തില്‍ ഭൂമിയുടെ വില കുറച്ചുകാണിക്കാന്‍ ഇയാള്‍ 50,000 രൂപ കൈക്കൂലി ചോദിച്ചെന്നും ഇതിനെതിരേ ജില്ലാ രജിസ്ട്രാര്‍ക്ക് നല്കിയ പരാതിയില്‍ കാര്‍ത്തികേയനെ താക്കീത് ചെയ്തെന്നും ഹരജിയില്‍ പറയുന്നു.
ഇതിലുള്ള പക കാരണം ആധാരമെഴുത്തുകാരുമായി ചേര്‍ന്ന് കാര്ത്തികേയന് ഗൂഢാലോചന നടത്തി താന്‍ വാങ്ങിയ ഭൂമിയുടെ ആധാരത്തിന്റെ അവസാനത്തെ രണ്ട് പേജുകള്‍ നീക്കം ചെയ്തെന്നാണ് ഹരജിക്കാരന്റെ പരാതി. തന്റെ ഒപ്പ് വ്യാജമായി ഇട്ടെന്നും പറയുന്നു.
പട്ടികജാതി വിഭാഗത്തില്‍പെട്ട രജിസ്ട്രേഷന് ഐ.ജി വിരമിച്ചപ്പോള്‍ ഓഫിസ് മുറിയിലും ഔദ്യോഗിക വാഹനത്തിലും ചാണക വെള്ളം തളിച്ച കേസില്‍ പ്രതിയാണ് കാര്ത്തികേയന്.
രജിസ്ട്രേഷന് ഐ.ജിക്ക് നല്കിയ പരാതി അന്വേഷിക്കാന്‍ നെടുമങ്ങാട് പൊലിസിനു കൈമാറിയിരുന്നു. എട്ടുമാസമായി ഇതില്‍ നടപടിയുണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു. ഹരജി അടുത്ത ദിവസം ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."