ഉദ്യോഗസ്ഥര്‍ക്കു പീഡനം; പെരിയാര്‍ കടുവാ സങ്കേതം ഡെ.ഡയറക്ടര്‍ക്കെതിരേ ജോയിന്റ് കൗണ്‍സില്‍
കുമളി: പെരിയാര്‍ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടറില്‍ നിന്ന് പെരിയാര്‍ കടുവ സങ്കേതത്തെ മോചിപ്പിക്കാന്‍ വനം വകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് സി.പി.ഐ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ കുമളി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ഓഫീസിലെ ജീവനക്കാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഡെപ്യൂട്ടി ഡയറക്ടര്‍ മാനസികമായി പീഡിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ജോയിന്റ് കൗണ്‍സില്‍.
പങ്കാളിത്ത വന പരിപാലനമടക്കമുള്ള കാര്യങ്ങളില്‍ രാജ്യത്തിന് മാതൃകയായ നിരവധി പരിപാടികളിലൂടെ മുമ്പോട്ട് പോകുന്ന പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അടിത്തറ ഇളക്കുന്ന അപക്വമായ പ്രവര്‍ത്തന ശൈലിയാണ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്വീകരിക്കുന്നതെന്നാണ് ആരോപണം. ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം അടുത്തിടെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്നും അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടറായി വിരമിച്ച സി.എന്‍ സജീവനെ യാത്രയയപ്പു യോഗത്തിന് ശേഷം അപമാനിച്ചു വിട്ടതായും ഡെപ്യൂട്ടി ഡയറക്ടറുടെ മാനസിക പീഡനം സഹിക്കാന്‍ വയ്യാതെ പ്രവര്‍ത്തന സ്വാതന്ത്ര്യം നഷ്ടപ്പെട്ട് യുവാവായ അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ഇവിടെ നിന്നും സ്ഥലം മാറ്റം വാങ്ങിപ്പോയതും ഇവരുടെ തന്‍ പ്രമാണിത്തം മൂലമാണെന്നും ജോയിന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. വനം വകുപ്പ് മന്ത്രിയും നാല് എം.എല്‍.എമാരും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങിയ പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്റെ ഗവേണിംഗ് ബോഡി ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുത്ത ഐ.എസ്.ആര്‍.ഒയില്‍ വരെ മികവ് തെളിയിച്ച യുവ ശാസ്ത്രജ്ഞനെ ഇവരുടെ ഈഗോയുടെ പേരില്‍ പുറത്താക്കിയത് സര്‍ക്കാര്‍ ഗൗരവമായി കാണണം, ഡെപ്യൂട്ടി ഡയറക്റ്റര്‍ക്കെതിരെ ഇയാള്‍ രാജിക്കത്തില്‍ ഉന്നയിച്ച ആരോപണങ്ങളും പെരിയാര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയതും ഉന്നത വനപാലകരെക്കൊണ്ട് അന്വേഷിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ശില്‍പ വി കുമാര്‍ ഡെപ്യൂട്ടി ഡയറക്ടറായി ചുമതല ഏറ്റെടുത്ത ശേഷം പെരിയാര്‍ കടുവാ സങ്കേതത്തില്‍ നടപ്പിലാക്കേണ്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പല പദ്ധതികളും നടപ്പിലാക്കാന്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് സാധിക്കുന്നില്ല. ഈ സാമ്പത്തിക വര്‍ഷം തുടങ്ങിവെച്ച പല പദ്ധതികളും ഉപേക്ഷിക്കപ്പെട്ടതിനാല്‍ ഈ സാമ്പത്തിക വര്‍ഷം ലക്ഷക്കണക്കിന് രൂപ സറണ്ടര്‍ ചെയ്യേണ്ടി വന്നതും ഡെപ്യൂട്ടി ഡയറക്ടറുടെ പിടിപ്പുകേടു കൊണ്ടാണെന്നും ജോയിന്റ് കൗണ്‍സില്‍ ആരോപിച്ചു. ജീവനക്കാര്‍ ഉള്‍പ്പെടെ ചോര്‍ന്നൊലിക്കുന്ന കോര്‍ട്ടേഴ്‌സുകളില്‍ കഴിയുമ്പോഴും വള്ളക്കടവ് റേഞ്ചില്‍ ഏഴ് വനിതാ ഫോറസ്റ്റ് ഓഫീസര്‍മാര്‍ ഒരു മുറിയില്‍ കഴിയേണ്ടി വരുന്നതും പദ്ധതി തുക ചിലവഴിക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാകാത്തത്തിനാലാണെന്നും ജോയിന്റ് കൗണ്‍സില്‍ ആരോപിച്ചു.
പെരിയാര്‍ കടുവാ സങ്കേതത്തിലെ ജീവനക്കാര്‍ക്കും ദിവസ വേതന തൊഴിലാളികള്‍ക്കും ഇപ്പോള്‍ ശമ്പളം മുടങ്ങുന്നത് പതിവാണ്. ദിവസ വേതന ജീവനക്കാര്‍ പ്രതിഷേധിച്ചാല്‍ ഇവരെ തേക്കടി റേഞ്ച് ഓഫീസറെ ഉപയോഗിച്ച് മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റി മാനസികമായി പീഡിപ്പിക്കുകയാണ്. ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ജോയിന്റ് കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്കെതിരേയും പെരിയാര്‍ കടുവാ സങ്കേതത്തിനെ നശിപ്പിക്കുന്ന ഡെപ്യൂട്ടി ഡയറക്ടറുടെ എകാധിപത്യ പ്രവണതക്കെതിരേയും ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മേഖലാ ഭാരവാഹികളായ ഒ.ബിജു, ഷെനോ പുതിയിടത്ത് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."