വാരാപ്പുഴ കസ്റ്റഡി മരണം: മൂന്നു പൊലിസുകാര്‍ക്ക് സസ്പെന്ഷന്
കൊച്ചി: വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയിലിരിക്കെ ദേവസ്വം പാടം ക്ഷേണായിപറമ്പില് വീട്ടില്‍ രാമകൃഷ്ണന്റെ മകന് ശ്രീജിത്ത്( 27)മരിച്ച സംഭവത്തില്‍ മൂന്ന് പൊലിസുകാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ശ്രീജിത്തിന്റെ അമ്മ ശ്യാമള നല്കിയ പരാതിയെ തുടര്‍ന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജാണ് സസ്പെന്‍ഡ് ചെയ്തത്.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത കളമശേരി എ.ആര് ക്യാംപിലെ പൊലിസുകാരായ ജിതിന് രാജ്, സന്തോഷ്കുമാര്‍, സുമേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി- ആര്.എസ്.എസ് നേതൃത്വത്തില്‍ വരാപ്പുഴയില്‍ ശ്രീജിത്തിന്റെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചിരുന്നു.
കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, എസ്.പി എ.വി ജോര്‍ജ് എന്നിവര്‍ സ്ഥലത്തെത്തി പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ച് മൃതദേഹം ദേവസ്വംപാടത്തെ വീട്ടിലെത്തിച്ച് സംസ്കരിച്ചത്.
വീട്ടില്‍ കയറി ആക്രമിച്ചതിനെത്തുടര്‍ന്ന് വാസുദേവന്‍ എന്ന ഗൃഹനാഥന് ജീവനൊടുക്കിയ കേസിലാണ് ശ്രീജിത്തിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. മര്‍ദിച്ചു കൊണ്ടാണ് ശ്രീജിത്തിനെ പൊലിസ് പിടിച്ചുകൊണ്ടുപോയതെന്നും ക്രൂരമായി മര്‍ദനമേറ്റുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിലായ ശ്രീജിത്തിനെ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും മരണപ്പെടുകയായിരുന്നു.
അതേസമയം, അച്ഛനെ മര്‍ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന ശ്രീജിത്ത് ഇതായിരുന്നില്ലെന്ന് വാസുദേവന്റെ മകന് മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നു പൊലിസുകാരുടെ സസ്പെന്ഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."